ധീര രക്തസാക്ഷികള്‍ക്ക് രാജ്യം ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി; വീര ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയുമായി ആയിരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യം മുഴുവനും ധീര ജവാന്‍മാര്‍ക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ചു. കല്‍പ്പറ്റയില്‍ വിവി വസന്തകുമാറിന്റെ വസതിയിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ മുതല്‍ രക്തസാക്ഷികളായ സൈനീകരുടെ ഭൗകീക ശരീരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജന്മനാടുകളിലെത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. ഉത്തരാഖണ്ഡിലെ മോഹന്‍ ലാല്‍ എന്ന സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് അദ്ദേഹത്തിന്റെ മകള്‍ തലയുയര്‍ത്തിപ്പിടിച്ചു നല്‍കിയ സല്യൂട്ടിലുണ്ട് രാജ്യത്തിന്റെ ധൈര്യം മുഴുവനും.

12 സംസ്ഥാനങ്ങളിലായി, പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ, രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും സമ്പത്തിന്റെയും ഭേദങ്ങളൊന്നുമില്ലാതെ ഒത്തുചേര്‍ന്ന ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് 40 സിആര്‍പിഎഫ് ജവാന്മാരെയും ഇന്നലെ രാജ്യം യാത്രയാക്കിയത്. യുപിയിലെ കനൗജില്‍ പ്രദീപ് സിങ് യാദവിന്റെ മകള്‍ 10 വയസ്സുകാരി സുപ്രിയ തലകറങ്ങി വീണപ്പോള്‍ താങ്ങാന്‍ ഒരുനൂറു കൈകളുണ്ടായിരുന്നു. അവളുടെ അനുജത്തി രണ്ടരവയസ്സുകാരിക്ക് കാര്യങ്ങളൊന്നും പിടികിട്ടിയിട്ടില്ല. അച്ഛന്‍ പോയെന്ന് അവള്‍ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗ്രയിലെ കര്‍ഹായി ഗ്രാമത്തില്‍ കൗശല്‍ കുമാര്‍ റാവത്തിന്റെ മകള്‍ അപൂര്‍വ പറഞ്ഞു, ‘അച്ഛന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നാണ് എന്റെ പ്രതീക്ഷ.’ ബിഹാറിലെ ഭഗല്‍പുരില്‍ നിന്നുള്ള രത്തന്‍ കുമാര്‍ ഠാക്കൂറിന്റെ അച്ഛന്‍ നിരഞ്ജന്‍ ഠാക്കൂര്‍ പറഞ്ഞത്, തന്റെ രണ്ടാമത്തെ മകനെയും സൈന്യത്തിലേക്കു തന്ന അയയ്ക്കുമെന്നാണ്. ‘അനുജനെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കണമെന്നായിരുന്നു അവന്റെ സ്വപ്നം. രണ്ടാമത്തവനെയും ഞാന്‍ സൈന്യത്തിലേക്കു തന്നെ അയയ്ക്കും. രത്തന്റെ മരണം വെറുതെയാകരുത്’ വാക്കുകള്‍ ഇടറാതെ ആ അച്ഛന്‍ പറയുന്നു.

രത്തനും ഭാര്യ രാജ്നന്ദിനിയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയായിരുന്നു. വൈകിട്ട് ശ്രീനഗറിലെത്തിയിട്ട് ഫോണ്‍ ചെയ്യാം എന്നു വ്യാഴാഴ്ച രാവിലെ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ആ വിളിയുണ്ടായില്ല. കാണ്‍പുര്‍ സ്വദേശിയായ പ്രദീപ് കുമാര്‍ സ്ഫോടനമുണ്ടാകുമ്പോള്‍ ഭാര്യ നീരജയോടു ഫോണില്‍ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് സ്ഫോടനം ജീവനെടുത്തത്.തിരികെ വിളിക്കാന്‍ നീരജ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നാലെ സ്ഫോടനത്തിന്റെ വാര്‍ത്തയെത്തി. ഇനിയൊരിക്കലും ഫോണിനപ്പുറം പ്രദീപുണ്ടാകില്ലെന്ന ഏറ്റവും ദുഃഖഭരിതമായ അറിവും. ലീവ് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രദീപ് ജോലി സ്ഥലത്തേക്കു മടങ്ങിയത്. 2 പെണ്‍മക്കളാണ് പ്രദീപിനും നീരജയ്ക്കും.

ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലെ തിലക് രാജ്, ഒരുമാസക്കാരന്‍ മകനെ കാണാന്‍ കഴിഞ്ഞയാഴ്ച വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. 3 വയസ്സുള്ള മറ്റൊരു മകനുമുണ്ട്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മകനെയോര്‍ത്ത് അഭിമാനമുണ്ടെന്നാണ്, കൊടുംവേദനയിലും ഇന്നലെ തിലകിന്റെ അച്ഛനമ്മാര്‍ രാമറാമും ബിമലാദേവിയും പറഞ്ഞത്. വയനാട്ടിലെ ലക്കിടിയിലെ വസന്തകുമാറിന്റെ ഫേസ്ബുക് പേജ് ഇന്നലെ വെറുതെ എടുത്തുനോക്കിയപ്പോള്‍ കണ്ടു, അദ്ദേഹത്തിന്റെ ആദ്യത്തെ എഫ്ബി പോസ്റ്റ്. ഒരു സുഹൃത്ത് പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. പട്ടാള ടാങ്കില്‍ ഒരു സൈനികന്‍ നില്‍ക്കുന്ന ആ ചിത്രത്തിനുമേല്‍ ഇങ്ങനെ എഴുതിയിരുന്നു ‘നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളൂ. ഞാനിവിടെ ഉണര്‍ന്നിരിക്കാം’.

അതേസമയം പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തവരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നല്‍കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. സൈന്യത്തെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ ക്ഷമ പാലിക്കണം. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ത്യാഗം വൃഥാവിലാവില്ല. ജവാന്മാരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. പുതിയ രീതികളും നയങ്ങളും ഉള്ള പുതിയ ഇന്ത്യയാണിത്. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നല്‍കുന്നവരെയും വെറുതെ വിടില്ല. അവരെ സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കില്ല’.

ഭീകരാക്രണണത്തിനെതിരായ രാജ്യമെങ്ങുമുയര്‍ന്ന ജനവികാരം പലയിടത്തും വന്‍പ്രതിഷേധമായി. മുംബൈയില്‍ ട്രെയിന്‍ തടഞ്ഞു. ജമ്മുവില്‍ സ്ഥിതി ശാന്തമായെങ്കിലും കര്‍ഫ്യൂ തുടരുകയാണ്. സിനിമാ ക്രിക്കറ്റ് രംഗത്തു നിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് രാജ്യമെങ്ങു നിന്നും സഹായവാഗ്ദാനം. 40 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് നടന്‍ അമിതാഭ് ബച്ചന്‍ അറിയിച്ചു. ആകെ 2 കോടി രൂപയാണു നല്‍കുക. കഴിഞ്ഞ വര്‍ഷവും വീരമൃത്യുവരിച്ച 44 സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ബച്ചന്‍ 1 കോടി രൂപ നല്‍കിയിരുന്നു.

വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മക്കള്‍ക്കു തന്റെ സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഹരിയാനയിലെ ജാജറിലാണ് ‘സേവാഗ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍’. പുല്‍വാമ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്നു ഒളിംപിക് മെഡല്‍ ജേതാവ് ബോക്സിങ് താരം വിജേന്ദര്‍ സിങ്ങും വ്യക്തമാക്കി. ഹരിയാന പൊലീസ് ഉദ്യോഗസ്ഥനാണ് വിജേന്ദര്‍.

Top