ബി.ജെ.പിക്കെതിരെ ശക്തമായ വിമര്‍ശനവുമായി വീണ്ടും ശിവസേന. ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയെ ഇണക്കിയെടുക്കാനുള്ള പണികളുമായി ബി.ജെ.പി മുന്നോട്ടു പോകുന്നതിനിടെയാണിത്. പാര്‍ട്ടി മുഖപത്രം സാമ്നയിലെ ലേഖനത്തിലാണ് ഭരണപാര്‍ട്ടിയെ ശിവസേന കശക്കിയെറിയുന്നത്.
വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കില്‍ ലണ്ടനിലും എന്തിനേറെ അമേരിക്കയില്‍ വരെ താമര വിരിയുമെന്ന് ലേഖനത്തില്‍ പരിഹസിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാന്‍ കഴിഞ്ഞില്ല. അയോധ്യയില്‍ പോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല- ലേഖനത്തില്‍ ചോദിക്കുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബി.ജെ.പി നേതാക്കളില്‍ കാണുന്നതെന്നും കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി ഫട്നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റില്‍ ഒന്ന് കൂടുതലെങ്കിലും ഇത്തവണ കിട്ടുമെന്നാണ്. എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബരാമതിയില്‍ പോലും ജയിക്കുമെന്നാണ് അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കില്‍ പാര്‍ട്ടിക്ക് 548 സീറ്റും ജയിക്കാന്‍ കഴിയുമെന്നും പരിഹാസമുണ്ട്.
റഫാല്‍ കരാറിനെ പുകഴ്ത്തുന്നവരൊക്കെ ദേശസ്നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം ദേശവിരുദ്ധരുമാണെന്നും ലേഖനം ആരോപിക്കുന്നു,