നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കും;അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള ശുപാര്‍ശയ്ക്കും മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള ഉപസമിതിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്. നീലക്കുറിഞ്ഞി ഉദ്യാനത്തിലെ യൂക്കാലി, ഗ്രാന്റ് പീസ് മരങ്ങള്‍ മുറിക്കാന്‍ മന്ത്രിസഭാ അനുമതി നല്‍കി. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ജനവാസമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രിസഭ. കുറിഞ്ഞി ഉദ്യാനത്തില്‍ നിന്നും പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ മന്ത്രിസഭ ഇളവ് നല്‍കി. സ്വകാര്യ വ്യക്തികള്‍ക്കും മരം മുറിയ്ക്കാനും അനുമതി നല്‍കി. നിലവില്‍ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവര്‍ക്ക് പകരം ഭൂമി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തി പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. രാജു, എം.എം മണി എന്നിവിരടങ്ങിയ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. നിവേദിത പി ഹരന്റെ ഉത്തരവ് മന്ത്രിസഭ റദ്ദാക്കി. യൂക്കാലിപ്റ്റസ്, കാറ്റാടി എന്നിവയുടെ അനധികൃത കൃഷിക്കാണ് ഏലമലക്കാടുകളിലും കണ്ണന്‍ ദേവന്‍ മലനിരകളിലും ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത്. വെള്ളം ഊറ്റുന്ന ഈ മരങ്ങള്‍ പരിസ്ഥിതിയെ ബാധിക്കുന്നു. ഇതു പരിഗണിച്ചാണു കയ്യേറ്റ ഭൂമിയിലെ മരം സര്‍ക്കാര്‍ മുറിച്ചുനീക്കുക. സര്‍ക്കാര്‍ ഭൂമിയില്‍ ഈ മരങ്ങളുണ്ടെങ്കില്‍ അവയും മുറിക്കും. കുറിഞ്ഞി ഉദ്യാനം, അനുബന്ധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക.

Top