പെട്രോള്‍ പമ്പുകളിലെ പുതിയ നിയമം; യാത്രക്കാര്‍ വലയുന്നു

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ പുതിയ നിയമം മൂലം വലഞ്ഞത് യാത്രക്കാരാണ്. വാഹനങ്ങളില്‍ മാത്രമേ ഇനി പമ്പുകളില്‍ വച്ചു ഇന്ധന നല്‍കൂവെന്ന നിയമമാണ് ആവശ്യക്കാര്‍ക്ക് തിരിച്ചടിയാവുന്നത്. മുമ്പ് ആളുകള്‍ കുപ്പികളിലും മറ്റും കൊണ്ടു വന്ന് പമ്പുകളില്‍ നിന്നും ഇന്ധനം വാങ്ങിച്ചിരുന്നു. എന്നാല്‍ കോട്ടയത്തും പത്തനംതിട്ടയിലും യുവതികളെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് പമ്പുകള്‍ക്ക് പോലീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ഇന്ധനം തീര്‍ന്നു വഴിയില്‍ പെട്ടുപോവുന്ന വാഹനങ്ങളിലെ യാത്രക്കാരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. പുതിയ നിയമനനുസരിച്ച് വാഹനമില്ലാതെ ഇന്ധനം ലഭിക്കാത്തതിനാല്‍ പലരും കുരുക്കില്‍ പെട്ടു. വാഹനങ്ങളില്‍ നേരിട്ട് അല്ലാതെ പമ്പുകളില്‍ നിന്നു ഇന്ധനം ലഭിക്കണമെങ്കില്‍ അതതു പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള എന്‍ഒസി നല്‍കേണ്ടതുണ്ട്. കോട്ടയത്തെ പമ്പുകളാണ് ഈ നിയമം കര്‍ക്കശമായി പിന്തുടരുന്നത്. മറ്റു ജില്ലകളിലും നിയമമുണ്ടെങ്കിലും ചിലയിടങ്ങളില്‍ പമ്പുകാര്‍ വാശി പിടിക്കാറില്ല.

വഴിയില്‍ വച്ചു ഇന്ധനം തീരുകയാണെങ്കില്‍ വാഹനം തള്ളിയോ കെട്ടിവലിച്ചോ പമ്പില്‍ എത്തിക്കുക മാത്രമാണ് യാത്രക്കാര്‍ക്ക് മുന്നിലുള്ള വഴി. ഗാര്‍ഹികാവശ്യങ്ങള്‍ക്കു പുറമെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ജനറേറ്ററുകള്‍, ട്രാക്റ്റര്‍, കൊയ്ത്ത് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നേരത്തേ ഇന്ധനം വാങ്ങിക്കൊണ്ടു പോവുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമം വന്നതു മൂലം ഇവരെല്ലം പ്രതിസന്ധിയിലായിരിക്കുകയാണ്.

Latest
Widgets Magazine