180 എത്യോപ്യന്‍ കുടിയേറ്റക്കാരെ ബോട്ടില്‍ നിന്ന് കടലിലേക്ക് തള്ളിയിട്ടു; 56 പേര്‍ മുങ്ങിമരിച്ചു

മനുഷ്യക്കടത്തു സംഘം 180 എത്യോപ്യന്‍ കുടിയേറ്റക്കാരെ ബോട്ടില്‍ നിന്ന് കടലിലേക്ക് തള്ളിയിട്ടു. ഇവരില്‍ 56 പേര്‍ മുങ്ങി മരിച്ചു. 13 പേരെ കാണാതായി. യമന്‍ തീരത്തിനടുത്താണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം.

ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എത്യോപ്യക്കാരായ കൗമാരക്കാരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും.

ബാക്കിയുള്ളവര്‍ അറബിക്കടലിന്റെ തീരത്ത് യെമനിനോട് ചേര്‍ന്നുകിടക്കുന്ന ശബ്‌വ പ്രവിശ്യലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. സമാനമായ സംഭവത്തില്‍ 50 കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

എത്യോപ്യയില്‍ നിന്ന് യമനിലേക്ക് ഒളിച്ചുകടക്കുകയായിരുന്ന സംഘത്തെ തീരത്തെത്തുന്നതിനു മുമ്പ് തന്നെ ബോട്ടില്‍ നിന്ന് കടലിലേക്ക് തള്ളിയിടുകയായിരുന്നു. യമനി അധികൃതരാല്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കാനാണ് മനുഷ്യക്കടത്തുകാര്‍ ഈ ക്രൂരത ചെയ്തത്.

ആഭ്യന്തര സംഘര്‍ഷത്താല്‍ കലാപകലുഷിതമായ യമനില്‍ 2015 മുതല്‍ 8,300 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിനു പുറമെ കോളറ പടര്‍ന്നു പിടിച്ചതിനാല്‍ ആയിരങ്ങള്‍ വേറെയും മരിച്ചു.

എന്നിരുന്നാലും, ഇവിടേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിന് യാതൊരു കുറവുമില്ല. പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടേക്ക് കുടിയേറ്റക്കാരായി എത്തുന്നവരിലേറെയും.

എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യമന്‍ വഴി കടക്കുക എളുപ്പമാണെന്നതിനാലാണിത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനിന്റെ പല പ്രദേശങ്ങളിലും ഭരണകൂടത്തിനോ പോലീസിനോ ശരിയായ നിയന്ത്രണമില്ലാത്തതാണ് ഇത്തരം കുടിയേറ്റങ്ങള്‍ വ്യാപകമായി നടക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

Latest