മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച ആ മുത്തശ്ശി വെള്ളിത്തിരയിലേക്ക്

മലയാള സിനിമയിലെ മുന്‍നിര അഭിനേത്രിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹയുമായ മഞ്ജു വാര്യരുടെ ആരാധികയെക്കുറിച്ചുള്ള വാര്‍ത്ത കുറച്ചു ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു പ്രിയതാരത്തെ കാണാന്‍ എണ്‍പതുകാരിയായ മുത്തശ്ശിയും എത്തിയത്. മഞ്ജു എത്തിയപ്പോള്‍ മുത്തശ്ശി ഓടിപ്പോയി കെട്ടിപ്പിടിക്കുകയായിരുന്നു. താരത്തിന്റെ മനസ്സു നിറഞ്ഞ കാര്യങ്ങളായിരുന്നു അവിടെ നടന്നത്. ഗായികയും ആകാശവാണ്യുടെ മുന്‍ ആര്‍ട്ടിസ്റ്റുമായിരുന്ന റാബിയ ബീഗമെന്ന മുത്തശ്ശി ഇന്ന് കേരളീയര്‍ക്ക് സുപരിചിതയാണ്. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരുടെ അതീവ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ഇവരുടെ ചിത്രവും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കോഴിക്കോട് ആകാശവാണിയുടെ ഉദ്ഘാടനത്തിന് പാടാനെത്തിയ റാബിയ പാട്ടും നാടകവുമായി അവിടെ തുടരുന്നതിനിടയിലാണ് ചെമ്മീനിലേക്ക് നായികയെ അന്വേഷിച്ച് രാമു കാര്യാട്ട് അവരെ സമീപിക്കുന്നത്. നടന്‍ സത്യനും രാമു കാര്യാട്ടും നേരിട്ടെത്തിയാണ് ഇവരെ സിനിമയിലേക്ക് ക്ഷണിച്ചത്. കറുത്തമ്മയാവാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും യാഥാസ്ഥിതിക എതിര്‍പ്പുകള്‍ അതിന് വിഘാതമാവുകയായിരുന്നു. ചരിത്രത്തിലേക്കുള്ള ക്ഷണം വേണ്ടെന്നു വെച്ച അവര്‍ ആകാശവാണി ആര്‍ട്ടിസ്റ്റായി കലാ ലോകത്ത് ഒതുങ്ങി ജീവിക്കുകയായിരുന്നു. കോഴിക്കോട് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരെ ഓമനിക്കുന്ന റാബിയയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തന്നെ കെട്ടിപ്പിടിച്ച മുത്തശ്ശിയെക്കുറിച്ച് കൂടുതല്‍ അറിയാതെയാണ് താരം അന്ന് മടങ്ങിപ്പോയത്. മഞ്ജു വാര്യരുടെ കടുത്ത ആരാധികയായ റാബിയയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് സംവിധായകന്‍ ആദി തന്റെ പുതിയ ചിത്രത്തിലേക്ക് ഇവരെ പരിഗണിച്ചത്.

ചെറുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ അതേ അവസരം വീണ്ടും തന്നിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് റാബിയ ഇപ്പോള്‍. ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമായാണ് റാബിയ ഈ ചിത്രത്തില്‍ വേഷമിടുന്നത്. പന്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാന വും നിര്‍വഹിക്കുന്നത് ആദിയാണ്.വിനീത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന , ഇര്‍ഷാദ്, വിനോദ് കോവൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്‍രെ ഷൂട്ടിങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

Latest
Widgets Magazine