അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചു; കെഎം ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്ത് നികേഷ്‌കുമാര്‍ ഹര്‍ജി നല്‍കി

02krnaz02-azhik_

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ കെഎം ഷാജിക്കെതിരെ രംഗത്ത്. തന്നെ തോല്‍പ്പിക്കാന്‍ കെഎം ഷാജി പല പരിപാടികളും ചെയ്‌തെന്ന് നികേഷ്‌കുമാര്‍ ആരോപിക്കുന്നു. നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെയാണ് നികേഷ് ഹര്‍ജി നല്‍കിയത്. കെഎം ഷാജിയുടേത് കൂടാതെ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, വി.എസ്.ശിവകുമാര്‍, കെ.സി. ജോസഫ് എന്നിവരുടെ വിജയങ്ങള്‍ക്കെതിരെയും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ആകെ പത്ത് പേരുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുളള ഹര്‍ജികളാണ് ഇന്നലെ ഹൈക്കോടതിയില്‍ ലഭിച്ചത്.

എംഎല്‍എമാരായ പി.ബി. അബ്ദുല്‍ റസാഖ്, ആര്‍. രാമചന്ദ്രന്‍, കാരാട്ട് അബ്ദുല്‍ റസാഖ്, ടി.എ. അഹമ്മദ് കബീര്‍, അനില്‍ അക്കരെ എന്നിവര്‍ക്കെതിരെയും കഴിഞ്ഞ ദിവസം ഹര്‍ജികള്‍ ലഭിച്ചു. കെ.എം.മാണിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി മാണി സി. കാപ്പനും മണ്ഡലത്തിലെ വോട്ടറായ കെ.സി. ചാണ്ടിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിലേറെക്കാലം ജനപ്രതിനിധിയായിരുന്നിട്ടുള്ളവര്‍ സത്യവാങ്മൂലത്തോടൊപ്പം വൈദ്യുതി, വെള്ളം, വീട്ടുവാടക എന്നീയിനങ്ങളില്‍ കുടിശിക വരുത്തിയിട്ടില്ലെന്ന് സേവന ദാതാക്കള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടും ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ കെ.എം. മാണി ഇത് നല്‍കിയിട്ടില്ലെന്ന് കാട്ടിയാണ് മാണി. സി. കാപ്പന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

മാണിക്കെതിരെ കെസി ചാണ്ടിയുടെ ഹര്‍ജി വ്യത്യസ്തമാണ്. നഷ്ടത്തിലായിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് തെരഞ്ഞെടുപ്പു സമയത്ത് കെ.എം.മാണി സ്വാധീനം ഉപയോഗിച്ചു പലരില്‍ നിന്നായി നിക്ഷേപം എത്തിച്ചിരുന്നു. ഇതുമൂലം സൊസൈറ്റിയിലെ നിക്ഷേപകര്‍ക്ക് പണം ലഭിച്ചു. അതുകൊണ്ട് അവര്‍ മാണിക്ക് വോട്ടു ചെയ്തെന്നാണ് കെസി ചാണ്ടി ആരോപിക്കുന്നത്.

Top