ആഡംബര ബൈക്കുകൾ മോഷ്ടിച്ച് വിൽപന; കുട്ടികളടങ്ങുന്ന മോഷണ സംഘം നിലമ്പൂരിൽ പിടിയിൽ

വില കൂടിയ ബൈക്കുകള്‍ മോഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുന്ന സംഘം പോലീസിന്റെ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ അടക്കം ആറ് പേരെയാണ് പോത്തുകല്‍ പോലീസ് പിടികൂടിയിരിക്കുന്നത്. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. എടവണ്ണ സ്വദേശി സനദില്‍ സിദാന്‍, ഒതായി സ്വദേശി മുഹമ്മദ് ജാസിം എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത നാല് പേരെയും പോലീസ് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കും. ഈ സംഘം മോഷ്ടിച്ച ബൈക്കുകളില്‍ പതിനഞ്ചെണ്ണം പോലീസ് വിവിധ ഇടങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച റോന്ത് ചുറ്റലിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ യുവാക്കളെ പോലീസ് പിടികൂടുന്നത്. ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. കോഴിക്കോട്, മഞ്ചേരി, ഷൊര്‍ണൂര്‍, എടവണ്ണ, നിലമ്പൂര്‍, മുക്കം എന്നിവിടങ്ങളില്‍ നിന്നായി ഒന്നേ മുക്കാല്‍ ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകള്‍ സംഘം മോഷണം നടത്തിയിട്ടുണ്ട്. വില കുറച്ചാണ് ഇവ വിറ്റഴിക്കാറുള്ളത്. ചിലത് പൊളിച്ച് വില്‍പന നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങിയവര്‍ക്കെതിരെയും പൊളിമാര്‍ക്കറ്റ് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുക്കും. കഴിഞ്ഞ മാര്‍ച്ച് മുതലാണ് സംഘം ബൈക്ക് മോഷണം ആരംഭിച്ചത്. പ്രതികളെ പോലീസ് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. ഒളിവിലുള്ള മൂന്നാം പ്രതിയും കാര്‍ മെക്കാനിക്കുമായ ഒതായി സ്വദേശി സൂരജിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest
Widgets Magazine