ലിനിയുടെ പ്രാര്‍ഥന സഫലമായി; ഇളയ മകന് പറശ്ശിനിക്കടവില്‍ ചോറൂണ്

നിപ്പ രോഗിയെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് രോഗബാധിതയായി മരിച്ച നഴ്‌സ് ലിനിയുടെ പ്രാര്‍ഥന സഫലമായി. ഇളയമകന്‍ സിദ്ധാര്‍ഥന് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ചോറൂണ്‍ നടത്തി. ഇളയമകന്‍ സിദ്ധാര്‍ഥന്റെ ചോറൂണ്‍ മുത്തപ്പന്‍ സന്നിധിയില്‍ വേണമെന്നായിരുന്നു ലിനിയുടെ പ്രാര്‍ഥന. ലിനി ആസ്പത്രിയിലുള്ളപ്പോഴായിരുന്നു നേര്‍ച്ച നേര്‍ന്നത്.

സിദ്ധാര്‍ത്ഥിന്റെ ചോറൂണും തുലാഭാരവും ക്ഷേത്രത്തില്‍ വച്ച് നടത്തി. അമ്മയുടെ സാന്നിധ്യമില്ലാതെ പിതാവ് സജീഷ് മടങ്ങിയിലിരുത്തിയാണ് ചടങ്ങ് നടത്തിയത്. ചടങ്ങില്‍ ലിനിയുടെ മൂത്ത മകനായ ഋതുല്‍, അമ്മ രാധ, സഹോദരി ലിജി എന്നിവരുമുണ്ടായിരുന്നു. ധര്‍മശാല വൈസ്‌മെന്‍ ക്ലബ്ബ് വൈകീട്ട് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലും പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി.

19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

Top