നിപ്പ വൈറസ്: സഹായം കിട്ടാതെ നഴ്‌സിന്റെ കുടുംബം; ഭര്‍ത്താവിന് ജോലി നല്‍കണമെന്ന് ആവശ്യം

കോഴിക്കോട്: നിപ്പ പരിചരണത്തിനിടെ മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് സഹായമില്ല. മരിച്ച ശേഷവും ലിനിയുടെ ബന്ധുക്കളെ ആരോഗ്യമന്ത്രി വിളിച്ചില്ലെന്ന് കുടുംബം പറയുന്നു. ലിനിയുടെ വീട്ടിലുള്ളത് ഭര്‍ത്താവും രണ്ട് പിഞ്ചുകുട്ടികളും ആണ്. ഭര്‍ത്താവിന് ജോലി നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സഹായദാനം പ്രഖ്യപിക്കണമെന്നും ആവശ്യമുയര്‍ന്നു.

മരണത്തിന് മുന്‍പ് ഭര്‍ത്താവിനെഴുതിയ ലിനിയുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.”സജീഷേട്ടാ, അയാം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല… സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം… നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്, പ്ലീസ്. വിത്ത് ലോട്ട്‌സ് ഓഫ് ലവ്.” എന്നാണ് ലിനി കുറിച്ചത്. യുവതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനുപ്പെടെ നിരവധി പേരാണ് ഫെയ്‌സ്ബുക്കില്‍ ഈ കത്ത് പോസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പനി മരണം സംഭവിച്ച രോഗികളെ പരിചരിച്ചതിലൂടെയാണ് ലിനിയ്ക്ക് (31)രോഗം പകർന്നത്. ഒടുവിൽ അവർ  മരണത്തിന് കീഴടങ്ങി. പക്ഷേ  ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പെട്ടെന്ന് സംസ്കരിച്ചത്. അമ്മ തിരിച്ചുവരുമെന്ന് കരുതിയിരിക്കുകയാണ് ലിനിയുടെ മക്കൾ. ആ അഞ്ചുവയസുകാരനും രണ്ടു വയസുകാരനും അമ്മയെ അവസാനമായി കാണാൻ കഴിഞ്ഞില്ല. അമ്മയുടെ ചിതയെരിയുമ്പോൾ അവർ ഒന്നുമറിയാതെ അമ്മയും കാത്ത് വീട്ടിലായിരുന്നു. ഭര്‍ത്താവും അച്ഛനും അമ്മയും മാത്രമാണ് മൃതദേഹം കണ്ടത്.

പനിയുമായി എത്തിയ രോഗിയെ ശുശ്രൂഷിക്കുമ്പോൾ ലിനി ഒരിക്കൽപ്പോലും കരുതിയിരുന്നില്ല. തന്റെ ജീവൻ അപഹരിക്കുന്ന രോഗമാണ് തനിക്ക് പകരാൻ പോകുന്നതെന്ന്. നഴ്സിന്റെ ധർമം അവർ ഒരുമടിയും കൂടാതെ പാലിച്ചു. തന്റെ മുന്നിലെത്തിയ രോഗിയെ ശുശ്രൂഷിക്കുന്നതിലായിരുന്നു ലിനിയുടെ ശ്രദ്ധ. ഒടുവിൽ ആ രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മാലാഖമാരുടെ ലോകത്തേക്ക്.  രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. മരിച്ച സാബിത്തിൽ നിന്നാണ് ലിനിക്ക് രോഗം പകരുന്നത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.

ഏത് പ്രതിസന്ധി ഘട്ടത്തിലും രോഗീപരിചരണത്തില്‍ മുന്നിലായിരുന്നു ലിനി സിസ്റ്ററെന്ന് സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതിന് ലിനി വിലകൊടുക്കേണ്ടി വന്നതും സ്വന്തം ജീവന്‍ തന്നെയായിരുന്നു. ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു. ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന സജീഷ് രണ്ടുദിവസം മുൻപാണ് നാട്ടിലെത്തിയത്. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്.

അതിനിടെ  ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top