വെളിച്ചമില്ലാത്ത റോഡിലെത്തുമ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തുകരയും

ഡിസംബര്‍ 16 ഈ അമ്മയ്ക്ക് അത്രവേഗം മറക്കാനാവില്ല. അര്‍ധരാത്രിയില്‍ ഡല്‍ഹിയുടെ വീഥികള്‍ കേട്ട നിര്‍ഭയയുടെ നിലവിളികളെയും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ആറ് നരാധമന്‍മാരുടെ ആര്‍ത്തിക്കുമുമ്പില്‍ തോറ്റുപോയ നിര്‍ഭയയുടെ ചേതനയറ്റ ശരീരമാണ് ആശാ ദേവി സിംഗ് എന്ന അമ്മയുടെ കണ്ണുകളില്‍ തീനാളമായി പ്രതിഫലിക്കുന്നത്.വെളിച്ചമില്ലാത്ത റോഡുകളില്‍ എത്തുമ്പോള്‍, ആള്‍ത്തിരക്കില്ലാത്ത തെരുവുകളില്‍ എത്തുമ്പോള്‍ അവളുടെ നിലവിളികള്‍ എന്നെ പേടിപ്പെടുത്തുന്നു.ദിനംപ്രതി നടക്കുന്ന ബലാത്സംഗവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഭയമാണ് നെഞ്ചിലെന്ന് ആശാ ദേവി സിംഗ് ഓര്‍ക്കുന്നു.

നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അതിന്റെ നടുക്കം മാറിയിട്ടില്ല ആശാ ദേവിക്ക്.ഡല്‍ഹി നഗരത്തില്‍ ബസില്‍ സഞ്ചരിക്കവെ കൂട്ടബലാത്സംഗത്തിനിരയായ നിര്‍ഭയയുടെ മരണം രാജ്യത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയില്‍ സ്ത്രീയുടെ സുരക്ഷ ചോദ്യചിഹ്നമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നടപടികളും ചര്‍ച്ചകളും അനവധി ഉണ്ടായെങ്കിലും സ്ത്രീക്കുനേരെയുള്ള അതിക്രമങ്ങള്‍ അവിടെയെങ്ങും അവസാനിച്ചില്ല. സൗമ്യ, ജിഷ, ഉത്തരേന്ത്യയിലെ അനവധി പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതുമായ പെണ്‍കുട്ടികളുടെ പട്ടികയില്‍ പേരുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങളുടെ വീട്ടിലെ അലമാരയില്‍ അവള്‍ വാങ്ങിക്കൂട്ടിയ സമ്മാനങ്ങളും ട്രോഫികളും നിരത്തിവച്ചിട്ടുണ്ട്. അവളുടെ കരുത്തിനും കഴിവിനും കിട്ടിയ പുരസ്‌കാരങ്ങളാണ് അവ. ഇവിടെയുള്ള എല്ലാവരും പറയുന്നു ആ സംഭവത്തെ മറക്കാന്‍. എനിക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്.പക്ഷെ, ഒരമ്മയ്ക്ക് എല്ലാമക്കളും ഒരുപോലെ തന്നെയല്ലേ ആശാ ചോദിക്കുന്നു.

നിര്‍ഭയയുടെ മരണത്തിന് ശേഷം കേന്ദ്രസര്‍ക്കാരും, ഡല്‍ഹി സര്‍ക്കാരും സ്ത്രീസുരക്ഷയ്ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിച്ചു. റോഡിലും തൊഴിലിടങ്ങളിലും സ്ത്രീക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു.എന്നാല്‍ എല്ലാം ചുവപ്പുനാടകള്‍ക്കുള്ളില്‍ കുരുങ്ങിക്കിടക്കുകായണെന്ന് ആശാ പരാതിപ്പെടുന്നു. റോഡുകളില്‍ സിസിടിവി വയ്ക്കുമെന്ന് പറയുന്നു, പക്ഷെ അന്വേഷിക്കുമ്പോള്‍ നടപടി പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഒരു മാറ്റവുമില്ല ഇന്ത്യയിലെ നഗരങ്ങള്‍ക്കും സര്‍ക്കാരിനുമെന്ന് ആശ പറയുന്നു. ദാരുണമായി കൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നിയമം അനുവദിക്കാത്ത അവസ്ഥയാണ് .നിങ്ങള്‍ ഇപ്പോള്‍ ആ ടൗണിലേക്ക് ഇറങ്ങിച്ചെന്നാല്‍ പോലീസുകാര്‍ കര്‍ശനമായി പട്രോളിങ്ങ് നടത്തുന്നതുകാണാം. പക്ഷെ എല്ലാം ഡിസംബര്‍ 16 എന്ന ദിവസം അടുത്തുവരുന്നതിന്റെ കാണിച്ചുകൂട്ടല്‍ മാത്രം- ആശ പറയുന്നു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം ദിനംപ്രതി വര്‍ധിക്കുന്നതായാണ് 2016 -2017 വര്‍ഷത്തെ എന്‍സിആര്‍ബി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2015 നെ അപേക്ഷിച്ച് 2016- 17 വര്‍ഷത്തില്‍ 12.4 ശതമാനമാണ് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. എന്നിട്ടും ഭരണകൂടം പുലര്‍ത്തുന്ന നിസംഗത ന്യായികരണം നല്‍കാന്‍ കഴിയാത്തതാണ്.

Top