‘മികച്ച ശരീരപ്രകൃതമാണ് അമ്മയുടേത്, നിര്‍ഭയ എത്ര സുന്ദരിയായിരിക്കും?’ ; വിവാദ പരാമര്‍ശം പിന്‍വലിക്കാതെ സംഗ്ലിയാന

ബെംഗളൂരു: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനു മറുപടിയുമായി കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി. സംഗ്ലിയാന രംഗത്ത്. ഒരു അനുമോദനമെന്ന നിലയില്‍ താന്‍ പറഞ്ഞ വാക്കുകളാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും ഇതേക്കുറിച്ച് കാര്യമായ വിശദീകരണങ്ങള്‍ക്കു താല്‍പര്യമില്ലെന്നും സംഗ്ലിയാന പറഞ്ഞു. എനിക്കൊന്നും വിശദീകരിക്കാനില്ല. ഒന്നും പിന്‍വലിക്കാനുമില്ല. പറഞ്ഞതെല്ലാം പറഞ്ഞതു തന്നെയാണ് – സംഗ്ലിയാന വ്യക്തമാക്കി. ‘മുന്‍ ഡിജിപിയെന്ന നിലയില്‍ എന്റെ വാക്കുകള്‍ എല്ലാ പരിധികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടുള്ളതായിരുന്നുവെന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. അത് നല്ല അര്‍ഥത്തില്‍ മാത്രം എടുക്കുക. സത്യത്തില്‍ അവര്‍ക്കുള്ള ഒരു അനുമോദനമെന്ന നിലയിലാണ് ആ പരാമര്‍ശം നടത്തിയത്. അതില്‍ തെറ്റായ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ആര്‍ക്കെങ്കില്‍ അതു ശരിയായില്ലെന്നു തോന്നുന്നുണ്ടെങ്കില്‍ അവരോടെനിക്ക് സഹതാപം തോന്നുന്നു. ചില മനുഷ്യര്‍ എപ്പോഴും വലിയ വികാരജീവികളായിരിക്കുമെന്നും’ സംഗ്ലിയാന പറഞ്ഞു. ജീവനു ഭീഷണിയാണെന്നു കണ്ടാല്‍ മാനഭംഗത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന ‘ഉപദേശത്തെയും’ അദ്ദേഹം ന്യായീകരിച്ചു. പൊതുവില്‍ സ്ത്രീകളുടെ സുരക്ഷ ഉദ്ദേശിച്ചു മാത്രമാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് സംഗ്ലിയാന വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി. രൂപയ്ക്ക് അവാര്‍ഡ് സമ്മാനിക്കാനായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു നിര്‍ഭയയുടെ അമ്മ. അവാര്‍ഡ് ദാനത്തിനുശേഷം സംസാരിക്കവെയാണ് മുന്‍ ഡിജിപി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘ഞാന്‍ ഇപ്പോള്‍ നിര്‍ഭയയുടെ അമ്മയെ കണ്ടു. മികച്ച ശരീരപ്രകൃതമാണ് അവരുടേത്. അതുകൊണ്ടുതന്നെ നിര്‍ഭയ എത്ര സുന്ദരിയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ’ എന്നായിരുന്നു സംഗ്ലിയാനയുടെ വിവാദ പരാമര്‍ശം. ഇതിന് പിന്നാലെ സ്ത്രീകള്‍ക്കായി സംഗ്ലിയാന നല്‍കിയ ഉപദേശവും വിവാദമായി. ‘നിങ്ങള്‍ക്കുനേരെ ആരെങ്കിലും ബലപ്രയോഗത്തിന് തുനിഞ്ഞാല്‍, അവര്‍ നിങ്ങളെ കീഴ്‌പ്പെടുത്തുെമന്ന് ഉറപ്പുണ്ടെങ്കില്‍ വഴങ്ങി കൊടുക്കുകയാണ് ജീവന്‍ രക്ഷിക്കാന്‍ നല്ലത്’. എന്നായിരുന്നു ഉപദേശം. കര്‍ണാടക മുന്‍ ഡിജിപിയായ സംഗ്ലിയാന, പിന്നീട് ബിജെപിയില്‍ ചേരുകയും ദക്ഷിണ ബെംഗളൂരുവില്‍നിന്ന് ലോക്‌സഭയിലേക്കു മല്‍സരിച്ചു ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് സഹയാത്രികനാണ്.

Top