പൊതുമാപ്പ്; പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിക്കണം

അബുദബി :അനധികൃത താമസക്കാര്‍ക്ക് നിയമ വിധേയമായി രാജ്യം വിടാനും, യോഗ്യരായവര്‍ക്ക് തൊഴില്‍ കണ്ടെത്താനുമായി യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനടയില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിക്കണമെന്ന് അബുദബി എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് ഇല്ലാത്തവരുടെ പാസ്‌പോര്‍ട്ട് എംബസിയിലുണ്ടോ എന്ന് ഉറപ്പ് വരുത്തണം. എംബസിയിലും പാസ്‌പോര്‍ട്ട് ലഭ്യമാകാതെ വന്നാല്‍ തിരിച്ചറിയല്‍ രേഖയുമായി അബുദാബി ഹംദാനില്‍ പ്രവര്‍ത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തെ സമീപിച്ചു പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കണമെന്നും സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാസ്‌പോര്‍ട്ടില്ലാതെയാണ് പലരും ഷഹാമയിലെ ഔട്ട് പാസ് കേന്ദ്രത്തെ സമീപിക്കുന്നത്. ഇത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാക്കുകയേയുള്ളൂ. പാസ്‌പോര്‍ട്ടുമായാണ് ഔട്ട് പാസ് കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളികള്‍ നിയമത്തിന്റെ കണ്ണ് വെട്ടിച്ചു ഒളിച്ചു കഴിയുകയാണെങ്കില്‍ തൊഴില്‍ ദാതാക്കള്‍ യുഎഇ അധികൃതര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ കൈമാറണമെന്നാണ് നിയമമെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംബസിയില്‍ ഏല്‍പ്പിക്കപ്പെട്ട 4497 പാസ്‌പോര്‍ട്ടുകളുടെ ഉടമകളില്‍ അധികപേരും യുഎഇയില്‍ തന്നെ താമസിക്കുന്നുണ്ടാകുമെന്നതിനാല്‍ അവര്‍ക്ക് നടപ്പ് പൊതുമാപ്പിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് മുമ്പായി ഔട്ട് പാസ് തരപ്പെടുത്താന്‍ സാധിക്കുന്നതാണ്.

പാസ്‌പോര്‍ട്ടുകളുടെ വിവരങ്ങള്‍ ഔദ്യോഗികവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായവര്‍ എംബസിയില്‍ സന്ദര്‍ശിക്കുന്നതിന് പകരം ഓണ്‍ലൈനില്‍ പരിശോധിച്ചു ഉറപ്പ് വരുത്താവുന്നതാണ് എന്നും അധികൃതര്‍ പറഞ്ഞു.

Latest
Widgets Magazine