മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന് വാഹനമിടിച്ച് ഗുരുതര പരിക്ക്

കയ്യില്‍ നിന്ന് പിടിവിട്ടോടിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന് വാഹനമിടിച്ച് ഗുരുതര പരിക്ക്. ശനിയാഴ്ച സൗദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അസിറിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കാനായി അച്ഛനും മകനും കാത്തുനില്‍ക്കുന്നത് കാണാം.

പെട്ടെന്ന് അച്ഛന്റെ കയ്യിലെ പിടിവിട്ട് മകന്‍ റോഡിലേക്ക് ഓടുന്നു. അതിവേഗത്തില്‍ വാഹനം വരുന്നത് കണ്ട് മകനെ രക്ഷിക്കാനായി അച്ഛന്‍ മറ്റൊന്നും ആലോചിക്കാതെ റോഡിലേക്ക് എടുത്തുചാടി. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും വാഹനം ഇടിച്ചിട്ടു. വാഹനത്തിനടിയില്‍ പെട്ട അച്ഛന്‍ വാഹനത്തിനൊപ്പം ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. അബഹ ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരും ചികിത്സയിലാണ്. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമല്ല. പിന്നീട് അസിര്‍ ആശുപത്രിയിലേക്ക് മാറ്റിയ അച്ഛന്‍ ഇപ്പോഴും ജീവനുവേണ്ടി മല്ലിടുകയാണ്.

 

Latest