സുമനസ്സുകൾ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീർ നാട്ടിലേയ്ക്ക് മടങ്ങി.

സ്വന്തം ലേഖകൻ
ദമ്മാം: മാരകമായ അസുഖങ്ങൾ കാരണം നരകയാതന അനുഭവിച്ചപ്പോഴും, സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിൽ പോകാനാകാതെ  ദുരിതത്തിൽ കഴിയേണ്ടി വന്ന മലയാളി ഡ്രൈവർ, നവയുഗം സാംസ്‌കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
തൃശ്ശൂർ കുറുക്കഞ്ചേരി സ്വദേശിയായ ബഷീറിനാണ് വിധിയുടെ ക്രൂരത മൂലം ദുരിതം അനുഭവിയ്‌ക്കേണ്ടി വന്നത്.  ദീർഘകാലമായി ദമ്മാം കൊദരിയയിൽ ഡ്രൈവർ ജോലി ചെയ്തു വന്ന ബഷീറിന്റെ ജീവിതത്തിൽ ആദ്യദുരന്തം എത്തിയത് ഹൃദ്രോഗത്തിന്റെ രൂപത്തിലായിരുന്നു.
ഹൃദയാഘാതം മൂലം താമസസ്ഥലത്ത് കുഴഞ്ഞുവീണ ബഷീറിനെ സുഹൃത്തുക്കൾ ദമ്മാം സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു. ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടായിട്ടുണ്ടെന്ന് കണ്ടതിനെത്തുടർന്ന് അടിയന്തരചികിത്സ നടത്തുകയും, ഏറെക്കാലം ബഷീറിന് ആശുപത്രിയിൽ കഴിയേണ്ടതായും വന്നു. ഹൃദ്രോഗത്തിന് താത്കാലികമായി ശമനമുണ്ടായെങ്കിലും, കൂനിന്മേൽ കുരു പോലെ, കഴിച്ച മരുന്നുകളുടെ പാർശ്വഫലം കൊണ്ട്, മുൻപ് ഉണ്ടായിരുന്ന സോറിയാസിസ് അസുഖം വീണ്ടും വരികയും, ദേഹത്ത് മുറിവുകൾ ഉണ്ടായി തൊലി അടർന്നു പോകുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. കൂടുതൽ ചികിത്‌സയ്ക്കും പരിചരണത്തിനുമായി നാട്ടിലേയ്ക്ക് കൊണ്ട് പോകാൻ തീരുമാനിച്ചെങ്കിലും,   ഇൻഷുറൻസ് പരിരക്ഷ കുറവായതിനാൽ, ഇരുപത്തിഅയ്യായിരം റിയാൽ ആശുപത്രി ബില്ല് അടച്ചാലേ ആശുപത്രി വിടാൻ കഴിയുമായിരുന്നുള്ളൂ. ആശുപത്രിയിൽ കഴിയുന്ന ഓരോ ദിവസവും ചികിത്സബില്ലിലെ തുക കൂടുകയും ചെയ്തതോടെ ബഷീർ ശരിയ്ക്കും ധർമ്മസങ്കടത്തിലായി.

വളരെ പാവപ്പെട്ട കുടുംബമാണ് ബഷീറിന്റേത്. ബഷീർ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് പണം അയയ്ക്കാൻ കഴിയാതെ വന്നതോടെ, കുടുംബം കൂടുതൽ ദുരിതത്തിലായി. പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ സ്‌ക്കൂൾ കഴിഞ്ഞുള്ള സമയം  കൂലിപ്പണിയ്ക്ക് പോയി കൊണ്ടുവരുന്ന വരുമാനത്തിലാണ് പിന്നീട് ആ കുടുംബം കഴിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഷീറിന്റെ ചികിത്സചുമതല ഏറ്റെടുത്ത നവയുഗം സാംസ്‌കാരികവേദി കൊദരിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ അഭ്യർത്ഥനയനുസരിച്ച്, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിയ്ക്കുകയും, പണം അടയ്ക്കാമെന്ന നവയുഗത്തിന്റെ ജാമ്യത്തിൽ ബഷീറിനെ ആശുപത്രിയിൽ നിന്നും താമസസ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് നവയുഗം പ്രവർത്തകർ ബഷീറിനുള്ള ചികിത്സസഹായം സ്വരൂപിയ്ക്കാൻ ശ്രമം തുടങ്ങി.

ഏറെ പണിപ്പെട്ട് നവയുഗം പ്രവർത്തകർ  നടത്തിയ ശ്രമത്തിൽ ആശുപത്രിബില്ല് അടയ്ക്കാനുള്ള മുക്കാൽപങ്ക് പണവും സ്വരൂപിച്ചെങ്കിലും അത് തികയാത്ത അവസ്ഥ വന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശ്രമഫലമായി ദമ്മാമിലെ  ‘ഹെൽപ്പിങ് ഹാൻഡ്‌സ്’ എന്ന പ്രവാസി കൂട്ടായ്മ, ബഷീറിന്റെ അവസ്ഥയറിഞ്ഞ് ബാക്കി തുക നൽകി സഹായിച്ചു. അങ്ങനെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ കഴിഞ്ഞു.

നാട്ടിലേയ്ക്ക് പോകാനായി വിമാനടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ നവയുഗം നൽകി. ബഷീറിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഹെൽപ്പിങ് ഹാൻഡ്‌സ് പ്രവർത്തകർ യാത്ര പോകുന്നതിനു മുൻപ്  ചെറിയ സാമ്പത്തിക സഹായവും നൽകി.

എല്ലാവർക്കും നന്ദി പറഞ്ഞ് ബഷീർ നാട്ടിലേയ്ക്ക് മടങ്ങി. എന്നാൽ നാട്ടിലെ തുടർചികിത്സയും, പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥയും ബഷീറിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി തുടരുന്നു.

ഫോട്ടോ: ബഷീറിന് ഹെൽപ്പിങ് ഹാൻഡ്‌സ് ഭാരവാഹിയായ അനുരാഗ്  സാമ്പത്തികസഹായം കൈമാറുന്നു. നവയുഗം നേതാക്കളായ ഷാജി മതിലകം, എം.എ.വാഹിദ്, പ്രസന്നൻ, ഉണ്ണി പൂച്ചടിയൽ, ഹെൽപ്പിങ് ഹാൻഡ്‌സ് പ്രവർത്തകർ എന്നിവർ സമീപം.

Top