ബ്രക്‌സിറ്റിൽ ചിലവ് കുറഞ്ഞ് ലണ്ടൻ: ചിലവേറിയ നഗരങ്ങളിൽ ലണ്ടൻ മൂന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ
ലണ്ടൻ: ബ്രക്‌സിറ്റിനു ശേഷം ചിലവുകുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ലണ്ടനും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഏറ്റവും ചിലവ് കൂറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ലണ്ടൻ ബ്രക്‌സിറ്റിനു ശേഷം മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ സൂചനയുള്ളത്. ന്യൂയോർക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ . ന്യൂയോർക്ക്, ഹോങ്കോങ്, ലണ്ടൻ, പാരീസ്, ടോക്കിയോ, സാൻഫ്രാൻസിസ്‌കോ, ലൊസാഞ്ചൽസ്, ദുബായ്, സിഡ്‌നി, മിയാമി എന്നിവയാണ് ആദ്യ പത്തിൽ.
ബ്രെക്‌സിറ്റിനെത്തുടർന്ന് പൗണ്ടിന്റെ വില ഇടിഞ്ഞതാണ് ലണ്ടനിൽ ജീവിത ചിലവ് കുറയാൻ കാരണം. ലണ്ടൻ നഗരത്തിൽ 10 മുതൽ 15 ശതമാനം വരെ ചിലവ് കുറഞ്ഞു. ലണ്ടനിൽ താമസിച്ചു ജോലിചെയ്യുന്ന ഒരാൾക്കു ജീവിതച്ചെലവും ഓഫിസ് സൗകര്യങ്ങളുമടക്കം ശരാശരി ചെലവാകുന്ന തുക 71,000 പൗണ്ടാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ന്യൂയോർക്കിൽ ഇതു 90,700 പൗണ്ടും ഹോങ്കോങ്ങിർ 85,000 പൗണ്ടുമാണ്. യുഎസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട്, വൈ ആൻഡ് ആർ ബാവ് കൺസൾട്ടിങ്, യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദരാണ് പഠനം നടത്തിയത്.
മറ്റൊരു പഠനത്തിൽ ലോകത്തിൽ ഏറ്റവും നന്നായി ജീവിക്കാൻ പറ്റിയ രാജ്യമെന്ന സ്ഥാനം സ്വിറ്റ്‌സർലൻഡ് നേടി. ജർമനി, കാനഡ, ബ്രിട്ടൺ , ജപ്പാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് സ്വിറ്റ്‌സർലൻഡ് ഈ ബഹുമതി കരസ്ഥമാക്കിയത്.
കഴിഞ്ഞവർഷം പട്ടികയിൽ നാലാംസ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഏഴാം സ്ഥാനത്തായി. ട്രംപിന്റെ നയങ്ങളാണ് ഇതിനു കാരണമെന്നാണ് അനുമാനം. ഈ പട്ടികയിൽ ഇരുപത്തഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
Top