പ്രസവം ഫെയ്‌സ്ബുക്കില്‍ തത്സമയം പങ്കുവച്ച് ബ്രിട്ടീഷ് യുവതി

ലണ്ടന്‍: ശ്വേതാ മേനോന്റെ പ്രസവരംഗം യഥാര്‍ഥമായി ചിത്രീകരിച്ചതിന്റെ പേരില്‍ കളിമണ്ണ് എന്ന മലയാള ചിത്രം നേരിട്ട പ്രതിസന്ധികള്‍ അധികമാരും മറന്നിരിക്കാന്‍ ഇടയില്ല. എന്നാല്‍ അതിനെ വെല്ലുന്ന കഥയാണ് ബ്രിട്ടനിലെ സാറാ ജയിന്‍ എന്ന യുവതിയുടേത്. സാറ ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ പ്രസവരംഗം രണ്ടുലക്ഷത്തോളം അപരിചിതരുമായി പങ്കുവച്ചത്. സിനിമകളില്‍ കാണുന്നതല്ല യഥാര്‍ഥ പ്രസവരംഗമെന്ന് അറിയിക്കുകയായിരുന്നു മുപ്പത്തിയഞ്ചുകാരിയായ സാറയുടെ ലക്ഷ്യം.

പൂര്‍ണ്ണഗര്‍ഭിണിയായ സാറ വീട്ടിലെ സോഫയിലിരുന്നു പിസ കഴിക്കുമ്പോഴാണ് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് രംഗങ്ങള്‍ ലൈവായി ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. രണ്ട് ലക്ഷത്തില്‍ പരം ആളുകളിലേയ്ക്കാണ് ഫേസ് ബുക്ക് ലൈവ് വിഡിയോ എത്തിയത്. തന്റെ ഗര്‍ഭകാലത്തെ അനുഭവങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി വ്ലോഗ് രൂപത്തില്‍ സാറ പങ്കുവച്ചിരുന്നു. അതിനാല്‍ പ്രസവരംഗം ചിത്രീകരിക്കുന്നതില്‍ അസ്വാഭാവികതകള്‍ ഒന്നും തോന്നിയില്ല എന്ന് യുകെയിലെ ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ സാറ പറഞ്ഞു.

ചലച്ചിത്രങ്ങളിലും മറ്റും കാണിക്കുന്ന തരത്തില്‍ അല്ല യഥാര്‍ഥ പ്രസവം നടക്കുന്നതെന്ന് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് ലൈവില്‍ തന്റെ പ്രസവം ചിത്രീകരിക്കാന്‍ സാറ തയ്യാറായത്. ഗര്‍ഭവതികളായ മറ്റുള്ളവര്‍ക്ക് പ്രസവം എങ്ങനെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് അറിവ് പകരാന്‍ തന്റെ വിഡിയോ സഹായിക്കുമെന്നും ലണ്ടനിലെ ഒരു പരസ്യ ഏജന്‍സി ഡയറക്ടറായ സാറ വിശ്വസിക്കുന്നു. എവിലിന്‍ എന്നാണ് സാറയുടെ നവജാത ശിശുവിന്റെ പേര്.

Latest