ബ്രിട്ടീഷ് രാജ്ഞിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യാൻ ഒഴിവ്; 30,000 പൗണ്ട് വാർഷിക ശമ്പളം

സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം സിംഹാസനത്തിൽ ഇരുന്നതിന്റെ റെക്കോഡ് സ്വന്തം പേരിലുള്ള എലിസബത്ത് രാജ്ഞിയുടെ ട്വിറ്റർ അക്കൗണ്ട് പ്രസിദ്ധമാണ്. 2.77 മില്യൺ ആരാധകരാണ് ട്വിറ്ററിൽ രാജ്ഞിയെ പിന്തുടരുന്നത്. അങ്ങനെയുള്ള ട്വിറ്റർ അക്കൗണ്ട് സജീവമാക്കി നിലനിർത്തേണ്ടത് ആവശ്യമാണ്. അതിനായി ആളെ ആവശ്യമുണ്ടെന്നു പരസ്യം നൽകിയിരിക്കുകയാണ്. രാജ്ഞിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാർഷിക ശമ്പളമായി 30,000 പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനുപുറമേ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നു. തസ്തികയുടെ പേര് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഓഫീസർ എന്നാണ്.
സോഷ്യൽ മീഡിയയിലൂടെയുള്ള രാജ്ഞിയുടെ ഇടപെടലുകൾ സജീവമാക്കുക, മറ്റുള്ളവരുടെ സംശയങ്ങൾക്കും കുറിപ്പുകൾക്കും മറുപടി നൽകുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തമായിരിക്കും ഓഫീസർക്കുള്ളത്. കൂടാതെ രാജ്ഞിക്ക് ഫേസ് ബുക്കിലും യുട്യൂബിലുമുള്ള അക്കൗണ്ടുകളുടെ ചുമതലയും പുതുതായി നിയമിക്കപ്പെടുന്ന ഓഫീസർക്കായിരിക്കും.
രാജ്ഞിയുടെ ദൈനംദിന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും നൽകേണ്ടിവരും. സ്വദേശ, വിദേശ സന്ദർശനങ്ങൾ, അവാർഡ്ദാന ചടങ്ങുകൾ, മറ്റ് രാജകീയ പരിപാടികൾ തുടങ്ങി രാജ്ഞിയുടെ സാന്നിധ്യമുള്ള ചടങ്ങുകളെക്കുറിച്ചുള്ള കുറിപ്പുകളും അതത് സമയങ്ങളിൽ നൽകേണ്ടിവരുമെന്നും പരസ്യത്തിലുണ്ട്. സർവകലാശാലാ വിദ്യാഭ്യാസമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. സോഷ്യൽ മീഡിയയോട് ആഭിമുഖ്യമുള്ളവരും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയവയിൽ അടിസ്ഥാന വിവരമുള്ളത് അഭിലക്ഷണീയം.
Latest
Widgets Magazine