ബ്യുട്ടീഷനായി കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കി; നവയുഗത്തിന്റെ സഹായത്തോടെ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ
ദമ്മാം: ബ്യുട്ടീഷൻ ജോലിയ്‌ക്കെന്ന് പറഞ്ഞ് കൊണ്ടുവന്നിട്ട് വീട്ടുജോലിക്കാരിയാക്കി മാറ്റിയതിനാൽ കഷ്ടത്തിലായ  പഞ്ചാബ് സ്വദേശിനി, നവയുഗം  സാംസ്‌ക്കാരിക വേദിയുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ് ജലന്തർ സ്വദേശിനിയായ രമൺദീപ് കൗർ മൂന്ന് മാസങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിൽ  എത്തിയത്. നാട്ടിൽ ബ്യുട്ടീഷനായി ജോലിപരിചയം  ഉണ്ടായിരുന്ന രമൺദീപിനെ, നല്ലൊരു തുക സർവ്വീസ് ചാർജ്ജ് വാങ്ങി, ദമ്മാമിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലിയ്‌ക്കെന്ന് പറഞ്ഞാണ് ട്രാവൽ ഏജന്റ് കയറ്റി വിട്ടത്. എന്നാൽ ദമ്മാമിൽ എത്തിയപ്പോൾ ഒരു സൗദി ഭവനത്തിലേക്കാണ് ജോലിയ്ക്ക് കൊണ്ടുപോയത്. താൻ ചതിയ്ക്കപ്പെട്ടുവെന്ന് അപ്പോൾ മാത്രമാണ് രമൺദീപിന് മനസ്സിലായത്.

രാപകലില്ലാതെ ആ വലിയ വീട്ടിലെ ജോലി മുഴുവൻ അവർ ചെയ്യേണ്ടി വന്നു. വിശ്രമമില്ലാത്ത ജോലി കാരണം ആരോഗ്യം നശിച്ചപ്പോൾ, പല ദിവസങ്ങളിലും അവർ കിടപ്പിലായി. രണ്ടുമാസം ജോലി ചെയ്തിട്ടും  ശമ്പളമൊന്നും കൊടുത്തതുമില്ല.
ഒരു ദിവസം വയറുവേദന കലശലായി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ, കഠിനമായ ദേഹദ്ധ്വാനം ചെയ്യാനുള്ള ആരോഗ്യം രമൺദീപിന് ഇല്ലെന്ന് ഡോക്റ്റർ ആ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് സ്‌പോൺസർ അവരെ ദമ്മാമിലെ വനിതഅഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ചു.

വനിതഅഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് രമൺദീപ് വിവരങ്ങളൊക്കെ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു. മഞ്ജു രമൺദീപിന്റെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. നഷ്ടപരിഹാരം ഒന്നും വാങ്ങാതെ, വിമാനടിക്കറ്റോ മറ്റു ആനുകൂല്യങ്ങളോ നൽകാതെ, ഫൈനൽ എക്‌സിറ്റ് അടിച്ച് പാസ്സ്‌പോർട്ട് നൽകാമെന്ന് സ്‌പോൺസർ  ചർച്ചകൾക്ക് ഒടുവിൽ സമ്മതിച്ചു.

നവയുഗത്തിന്റെ ശ്രമഫലമായി, കോബാറിൽ  പ്രവാസിയായ ഡി.എസ്.മദൻ എന്ന പഞ്ചാബ് സ്വദേശി  രമൺദീപിന് വിമാനടിക്കറ്റ് നൽകാൻ സമ്മതിച്ചു.

നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് രമൺദീപ് കൗർ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: രമൺദീപ് കൗർ ഡി.എസ്.മദനും, ഭാര്യയ്ക്കുമൊപ്പം.

Latest
Widgets Magazine