ജീവിതശൈലിയും ഭക്ഷണവും നിയന്ത്രിച്ചാൽ ആരോഗ്യവാന്മാരായി ജീവിക്കാം. ഡോ. അഷ്‌റഫ്

സ്വന്തം ലേഖകൻ
ദോഹ. ജീവിതശൈലിയും ഭക്ഷണവും നിയന്ത്രിച്ചാൽ ആരോഗ്യവാന്മാരായി ജീവിക്കാമെന്നും ഈ രംഗത്തും സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടക്കേണ്ടതുണ്ടെന്നും ഡോ. സി. അഷ്‌റഫ് അഭിപ്രായപ്പെട്ടു. ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പഌും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്ത് ലോകം മുന്നേറുമ്പോഴും രോഗങ്ങളുടെ എണ്ണവും വ്യാപ്തിയും കൂടുന്നുവെന്നത് അപായസൂചനയാണ്. രോഗങ്ങളെ പരിചരിക്കുന്നതിലും സമീപിക്കുന്നതിലുമുളള അപാകതകളും ഭക്ഷണ സംസ്‌കാരത്തിലും ജീവിത ശൈലിയിലുമുളള വൈകല്യങ്ങളുമൊക്കെ സ്ഥിതിഗതികൾ വഷളാക്കുകയാണന്നൊണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഓരോരുത്തരും ആവശ്യമുള്ള ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും ചെയ്താൽ മാത്രമേ കിഡ്‌നി രോഗവും മറ്റു രോഗങ്ങളും ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈദ്യശാസ്ത്ര രംഗത്തു നടക്കുന്ന അഭൂതപൂർവമായ വളർച്ചാവികാസങ്ങൾ ആരോഗ്യ സംരക്ഷണ രംഗത്ത് ആശാവഹമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടോ എന്ന ആലോചന ഏറെ പ്രസക്തമാണ്. ആതുര രംഗവും രോഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിൽ ആരോഗ്യ രംഗം വിജയിക്കുകയും രോഗങ്ങൾ പരാജയപ്പെടുകയും ചെയ്യുന്നതിന് പകരം കൂടുതൽ സങ്കീർണമായ രോഗങ്ങളും രോഗാതരമായ ഒരു സമൂഹവുമാണ് രൂപപ്പെടുന്നതെങ്കിൽ ഗുരുതരമായ ചില തകരാറുകളുടെ ലക്ഷണമാണത്. ഈ രംഗത്ത് ആവശ്യമായ പുനർവിചിന്തനങ്ങളാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മംവാഖ് പ്രസിഡണ്ട് ഉസ്മാൻ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മീഡിയ പഌ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ, ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എം. കബീർ, ട്രസ്റ്റ് സൊല്യൂഷൻസ് മാനേജർ ബഷീർ വടകര സംസാരിച്ചു. ഖാലിദ് ബിൻ നാസർ ലിമോസിൻ ജനറൽ മാനേജർ തങ്കപ്പൻ ഗണേഷൻ, ആവൻസ് ടൂർസ് ആന്റ് ട്രാവൽസ് ഡയറക്ടർമാരായ ഷജീർ ശുക്കൂർ, നിൽഷാദ് നാസർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഷാജി മോനായ് സ്വാഗതവും ജിന്റോ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
ഫോട്ടോ. ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പഌും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ഡോ. സി. അഷറഫ് സംസാരിക്കുന്നു.
Top