ഈസ്റ്റർ വിഷു ആഘോഷപ്പെരുമയുമായി  വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ

ബിജു കൊട്ടാരക്കര
മലയാളികളുടെ സാംസ്‌കാരിക അവബോധത്തിനു ഊടും പാവും നലകിയ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്‌ററർ വിഷു ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. 2017  മെയ് 7 നു ന്യൂ യോർക്കിലെ സെന്റ് മാർക്‌സ് എപ്പിസ്‌കോപ്പൽ ആഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചുമണിക്കാണ് ഉയർത്തെഴുനേൽപ്പിന്റെയും, പുതു കാർഷിക കേരളത്തിന്റെയും ആഘോഷങ്ങൾക്കു തിരി തെളിയുകയെന്ന് സെക്രട്ടറി  ആന്റോ വർക്കി അറിയിച്ചു.

അംഗബലത്തിൽ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ. രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് ഇത് . 1975 ൽ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ന് മറ്റു സംഘടനകൾക്ക് മാതൃക ആയി മാറിക്കഴിഞ്ഞു. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ മലയാളി സമൂഹം നോക്കികാണുന്നത്. സംഘടന സുവർണ്ണ ജൂബിലിയോട് അടുക്കുന്ന സാഹചര്യത്തിൽ അതിന്റെ പ്രവർത്തനങ്ങളും സജീവമാക്കാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാ ബദ്ധമാണ്. ഇന്ന് വരെ അമേരിക്കൻ മലയാളികൾക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിർണ്ണായകമായ സാന്നിധ്യമായി മാറുവാൻ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് കഴിഞ്ഞു. ഈ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത്  നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകൾക്ക് അതീതമായി ഈ സംഘടനയ്‌ക്കൊപ്പം നിലകൊണ്ടതുകൊണ്ടാണ്. ഈസ്റ്ററും വിഷുവും ഒരേ വേദിയിൽ ആഘോഷിക്കുന്നത് തന്നെ ഒരു വലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളികൾക്ക് ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാർഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുമ്പ് കേരളീയരുടെ പുതുവർഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. മേടത്തിലെ വിഷു മലയാളികൾക്ക് മറക്കാനാവാത്തതാണ്. സ്വർണ്ണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാൽക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തിൽ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ്. ഈ ഓർമ്മകളുടെ പുനഃസമാഗമമമാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മെയ് മാസം ഏഴിന് സമുചിതമായി ആഘോഷിക്കുന്നത് .

ദൈവം ആത്മാവിലും ശരീരത്തിലും ഉയിർപ്പിക്കപ്പെട്ടു എന്ന് തങ്ങളുടെകൂടെ യാത്ര ചെയ്തിരുന്ന അപരിചിതനിൽനിന്ന് കേട്ടപ്പോൾ, എമ്മാവൂസിലേക്ക് യാത്ര ചെയ്ത ശി ഷ്യൻമാർക്കുണ്ടായ ഞെട്ടൽ ഓരോ വിശ്വാസിയും  ഊഹിക്കാവുന്നതാണ്. ഉത്ഥാനം ചെയ്ത ക്രിസ്തുവാണ് തങ്ങളുടെ കൂടെ നടന്നതെന്ന് അവർക്ക് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. അവരുടെ വിശ്വാസം ദുർബലമായിരുന്നത് നിമിത്തം തങ്ങളെ വഴിനടത്തുന്ന ദൈവത്തെ കാണുവാൻ അവർക്ക് കഴിയാതെപോയി. ആത്മാവിലും ശരീരത്തിലും ഉയർത്തെണീറ്റ യേശുവാണ് അവരുടെ കൂടെ സഞ്ചരിച്ചത്. ആ സഞ്ചാരത്തെ നിത്യ സഞ്ചാരമായി ലോകം വാഴ്ത്തുന്ന ഈസ്റ്ററിന്റെ വലിയ മഹത്വവും വിഷു ആഘോഷങ്ങൾക്കൊപ്പം വെസ്റ്റ് ചെസ്റ്റർ അസോസിയേഷൻ കൊണ്ടാടുന്നു. മെയ് ഏഴിന് നടക്കുന്ന ആഘോഷങ്ങളിൽ ഈസ്റ്ററിന്റെ സന്ദേശം നൽകുന്നത് പ്രഭാഷണകലയിലെ ആത്മീയ സാന്നിധ്യം ഡോ.ജോർജ് കോശി ആണ്. വിഷു സന്ദേശം നൽകുന്നത് ഡോ:നിഷാപിള്ളയും ആണ് .

വിഷുവിന്റെ ഐശ്വര്യവും, ഈസ്റ്ററിന്റെ പ്രത്യാശയും ആഹ്ലാദം പകരുന്ന  കുടുംബ സംഗമം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സാംസ്‌കാരിക ചരിത്രത്തിലെ പൊൻ തൂവലാക്കി മാറ്റുവാൻ  മലയാളി സമൂഹം ശ്രമിക്കണമെന്നും ആന്റോ വർക്കി അറിയിച്ചു.
തനിമയായ ആഘോഷങ്ങൾക്കും, ആചാരങ്ങൾക്കും പ്രാധാന്യവും നല്കി കൊണ്ടുള്ള വിവിധ കലാ പരിപാടികളും ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. സംസ്‌കാരവും, ആചാരങ്ങൾളും പുതിയ തലമുറയിലേക് പകർന്ന് നല്കുവാൻ അസോസിയേഷന്റെ എല്ലാ ആഘോഷങ്ങളിലൂടെയും ശ്രമിക്കുകയാണ്. അതിനു എല്ലാ മലയാളികളുടെയും സാന്നിധ്യം ഉണ്ടാകണം .

അസ്സോസിയേഷൻ പ്രസിഡന്റ് ടെറൻസൺ തോമസ്, വൈസ് പ്രസിഡന്റ് ഷൈനി സാജൻ, ജോ സെക്രട്ടറി ലിജോ ജോൺ, ട്രഷറർ ബിബിൻ ദിവാകരൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ  ശ്രീകുമാർ ഉണ്ണിത്താൻ, ബോർഡ് ഓഫ് ട്രസ്റ്റി ഡോ:ഫിലിപ്പ് ജോർജ്, ജോൺ സി വർഗീസ്, രാജൻ ജേക്കബ്, ചാക്കോ പി ജോർജ്, എം വി കുര്യൻ, കമ്മിറ്റി അംഗങ്ങൾ ആയ തോമസ് കോശി, ജോയ് ഇട്ടൻ, കൊച്ചുമ്മൻ ടി ജേക്കബ്, ഗണേഷ് നായർ, സുരേന്ദ്രൻ നായർ, ജനാർദ്ദൻ, ജോൺ തോമസ്, ജോൺ കെ മാത്യു, കെ ജെ ഗ്രിഗറി, ജെ മാത്യൂസ്, എം.വി ചാക്കോ, രാജ് തോമസ്, എ വി വർഗീസ്, ഇട്ടൂപ്പ് ദേവസി, രാധാമണി നായർ തുടങ്ങിയവരാണ് ഈ വർഷത്തെ അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് .

അസോസിയേഷന്റെ കുടുംബ സംഗമവും, ഈസ്റ്റർ വിഷു ആഘോഷങ്ങളും വൻ വിജയപ്രദമാക്കുവാൻ വെസ്റ്റ്‌ചെസ്റ്റർ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി സെക്രട്ടറി ആന്റോ വർക്കി അഭ്യർത്ഥിച്ചു.
Top