യൂറോപ്യന്‍ യൂണിയന്‍ പദ്ധതി പ്രകാരം 3000 അഭയാര്‍ഥികളെ അയര്‍ലന്‍ഡ്‌ അംഗീകരിക്കും

ഡബ്ലിന്‍: യുദ്ധ മേഖലയായ സിറിയയില്‍ നിന്നും ഇറിട്രിയയില്‍ നിന്നും ഇറാഖില്‍ നിന്നുമടക്കം രക്ഷപെട്ടെത്തുന്ന 3000 അഭയാര്‍ഥികള്‍ക്കു താമസ സൌകര്യം ഉറപ്പാക്കാന്‍ അയര്‍ലന്‍ഡ്‌ സര്‍ക്കാര്‍ ഇടപെടുന്നു. യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക നിര്‍ദേശവും പദ്ധതി പ്രകാരവുമാണ്‌ ഇപ്പോള്‍ അയര്‍ലന്‍ഡും അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള പദ്ധതിയില്‍ ആദ്യഘട്ടമായി അംഗമായിരിക്കുന്നത്‌.
ഇതിന്റെ ഭാഗമായി ഏതാനും ആഴ്‌ചകള്‍ക്കകം രാജ്യത്തേയ്ക്ക്‌ ആദ്യ അഭയാര്‍ഥി സംഘം എത്തുമെന്നാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ക്യാബിനറ്റാണ്‌ ഇപ്പോള്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്‌. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ 160,000 അഭയാര്‍ഥികളില്‍ 2400 പേരെ മാത്രമേ തങ്ങള്‍ക്കു സ്വീകരിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ്‌ ഇപ്പോള്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്‌.
വിവിധ രാജ്യങ്ങളിലായി എത്തിയ ഒന്നര ലക്ഷം അഭയാര്‍ഥികളെയാണ്‌ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനു വിവിധ രാജ്യങ്ങളിലായി പുനരധിവസിപ്പിക്കേണ്ടി വരുന്നത്‌. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ എത്തുന്ന പൌരന്‍മാര്‍ക്കു വിവേചനം ഉണ്ടാകുന്നില്ലെന്നു ഉറപ്പാക്കാനുള്ള നടപടികളുണ്ടാകണമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ അതത്‌ രാജ്യത്തെ സര്‍ക്കാരുകളോടെ നിര്‍ദേശിച്ചിട്ടുണ്ട്‌.

Top