പിതാവിനുള്ള അനൂകുല്യം: ഏറ്റവും കൂടുതൽ ആളുകൾ കൈപ്പറ്റിയത് ഡബ്ലിനിൽ നിന്ന്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തിയ പിതൃ ആനുകൂല്യം ഏറ്റവും കൂടുതൽ ആളുകൾ കൈപ്പറ്റിയത് ഡബ്ലിനിൽ. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച പെറ്റേണിറ്റി ബെനിഫിറ്റ് അയർലണ്ടിൽ 10,640 പേർ സ്വീകരിച്ചു. രണ്ട് ആഴ്ച വരെ അച്ചന്മാർക്ക് അവധി ലഭിക്കുന്നതോടൊപ്പം ആഴ്ചയിൽ 235 യൂറോ ആനുകൂല്യവും ഉണ്ട്. നവജാത ശിശുവിന്റെ പരിചരണ അവകാശം അമ്മക്കൊപ്പം അച്ഛനും ലഭിക്കുന്ന ഈ പദ്ധതിയിൽ ഡബ്ലിനിൽ നിന്നുള്ള അച്ഛന്മാരാണ് ആനുകൂല്യം ഏറ്റവും കൂടുതൽ കൈപറ്റിയവർ. ഡബ്ലിനിൽ 2918, കോർക്കിൽ 1359, ഗാൽവേയിൽ 623 എന്നിങ്ങനെയാണ് പെറ്റേണിറ്റി ബെനിഫിറ്റ് നേടിയവരുടെ കണക്കുകൾ. ഏറ്റവും കുറവ് ഈ ആനുകൂല്യം നേടിയവർ ലൈറ്റെരിംകാരാണ്.
ലോങ്‌ഫോർഡിലും കാർലോയിലും പിതൃത്വ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം കുറവ് രേഖപ്പെടുത്തി. പി.ആർ.എസ്.ഐ-യിൽ അംഗങ്ങളായ ജോലിയുള്ളവരായ പിതാക്കന്മാർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. സ്വയം തൊഴിലിൽ ഏർപെടുന്നവർക്കും ഇതിൽ അർഹതയുണ്ട്. നവജാത ശിശുവിന് അച്ഛന്റെയും, അമ്മയുടെയും സാമീപ്യവും സംരക്ഷണവും ലഭ്യമാക്കാൻ വേണ്ടി അനുവദിച്ചതാണ് പ്രസവത്തിനു ശേഷം ലഭിക്കുന്ന ഈ മാത്ര-പിതൃ ആനുകൂല്യം.

Latest