സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: ഒ ഐ സി സി വനിതാവേദി

ഇ.കെ.സലിം

ദമ്മാം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഒ ഐ സി സി ദമ്മാം റീജ്യണ്‍ വനിതാവേദി ആശങ്ക രേഖപ്പെടുത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഓരോ അതിക്രമവും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും പ്രതിഷേധവും സഹതാപവും രേഖപ്പെടുത്താനുള്ള ഒരു പതിവ് ചടങ്ങായി മാറിയിരിക്കുകയാണെന്ന് ഒ ഐ സി സി വനിതാവേദി എക്സിക്യുട്ടീവ് യോഗം കുറ്റപ്പെടുത്തി.

സമൂഹത്തില്‍ ഏറെ സുപരിചിതയായ നടിക്ക് നേരെപോലും ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ സുരക്ഷയെന്നത് സ്വപ്നം കാണാനാവാത്തതാകുന്നു. തിരക്കേറിയ നഗരവീഥിയില്‍ സഞ്ചരിക്കവെ നടിക്ക് നേരിട്ട ക്രൂരമായ പീഡനത്തെ തടയാന്‍ കഴിയാത്ത സംസ്ഥാനത്തെ പോലീസ് സേന, പ്രതികള്‍ കണ്മുന്നിലൂടെ വന്ന് കോടതിയില്‍ കീഴടങ്ങുമ്പോള്‍ അവരെ അറസ്റ്റ് ചെയ്തുവെന്നത് അപഹാസ്യമാണ്.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ക്രൂരമായ അതിക്രമത്തിന് വിധേയയായ നടിയെയും കുടുംബത്തെയും കൂടുതല്‍ തളര്‍ത്തുന്ന തരത്തില്‍ മുഖ്യമന്ത്രിയും ചില നേതാക്കളും തുടക്കത്തില്‍ പ്രതികരിച്ചത് അപലപനീയമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കുണ്ടുവരുന്നതിലും, ശിക്ഷാ നടപടികള്‍ ത്വരിതഗതിയിലാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടാകണം. വിഷയത്തില്‍ സര്‍ക്കാര്‍ കാണിച്ച കുറ്റകരമായ അലംഭാവം ഉപേക്ഷിക്കണമെന്നും ഒ ഐ സി സി ദമ്മാം റീജ്യണ്‍ വനിതാവേദി ആവശ്യപ്പെട്ടു.

Latest