സർക്കാർ ഹെൽത്ത് കെയർ ഗ്രൂപ്പുകൾ നഷ്ടടത്തിലെന്ന് റിപ്പോർട്ട്: 7.8 മില്യൺ യൂറോ നഷ്ടം

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഡബ്ലിനിലെ പ്രശസ്തമായ സെന്റ് വിൻസന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രി ഉൾപ്പെടുന്ന ഹെൽത്ത് കെയർ ഗ്രൂപ്പ് (SVHG) നഷ്ടത്തിലേയ്‌ക്കെന്ന് കണക്കുകൾ.ഡബ്ലിനിൽ രണ്ട് പബ്ലിക് ഫണ്ടഡ് ഹോസ്പിറ്റലും ഒരു പ്രൈവറ്റ് ഹോസ്പിറ്റലും നടത്തിവരുന്ന ഗ്രൂപ്പിന് ഇത്തവണയുണ്ടായത് 7.8 മില്ല്യൺ യൂറോയുടെ നഷ്ടമാണ്.രാജ്യത്തെ ഏതാനം സെമി പ്രൈവറ്റ് ആശുപത്രികളും നഷ്ടത്തിന്റെ കണക്കുകളാണ് പ്രദർശിപ്പിക്കുന്നതെങ്കിലും സെന്റ് വിൻസന്റ്‌സ് ഗ്രൂപ്പാണ് താരതമ്യേനെ കൂടിയ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. ഹോസ്പിറ്റൽ ജോലിക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയുള്ള ചിലവ് കൂടിയതായാണ് നഷ്ടത്തിന് കാരണമായതെന്നാണ് ഇവരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്കായി ഗ്രൂപ്പ് 2015ൽ ചെലവാക്കിയത് 246 മില്ല്യൺ യൂറോയാണ്.
ഏലം പാർക്കിലെ സെന്റ് വിൻസന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ഡൺ ലഗേരിയിലെ സെന്റ് മൈക്കൽസ് ഹോസ്പിറ്റൽ, സെന്റ് വിൻസന്റ്‌സ് പ്രൈവറ്റ് ഹോസ്പിറ്റൽ എന്നിവയാണ് ഈ ഗ്രൂപ്പിൽ ഒരൊറ്റ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ശമ്പളം, ഹോസ്പിറ്റലുകളുടെ മേൽനോട്ടം, പ്രൈവറ്റ് പ്രാക്ടീസ് എന്നിവയുമായി ബന്ധപ്പെട്ട കഴിഞ്ഞ ഏതാനും വർഷങ്ങളായി എച്ച്എസ്ഇയും ഹോസ്പിറ്റൽ അധികൃതരുമായി തർക്കമുണ്ടായിട്ടുണ്ട്. അതേ സമയം എച്ച്എസ്ഇയിൽ നിന്നും വർഷം 200 മില്ല്യൺ യൂറോയിലേറെ ഫണ്ട് സെന്റ് വിൻസന്റ്‌സ് ഗ്രൂപ്പിന് ലഭിക്കുന്നുണ്ട്.
2015ൽ സെൻട് വിൻസന്റിൽ ജോലി ചെയ്തവരുടെ എണ്ണം 3,744 ആണ്. 2014ൽ ഇത് 3,543 ആയിരുന്നു. ഇവർക്ക് വേണ്ടിവന്ന ശമ്പളം 2014ൽ 230 മില്ല്യണിൽ നിന്നും 2015ൽ 246 മില്ല്യൺ യൂറോയായി ഉയരുകയും ചെയ്തു.

Latest