ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവരുടെ സ്ഥാനം നഷ്ടപ്പെടും- ട്രമ്പ്

പി.പി ചെറിയാൻ
വാഷിങ്ടൺ: ഒബാമ കെയർ നീക്കം ചെയ്തു പകരം യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കുന്ന ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കുന്നവർക്കു അടുത്ത വർഷം നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ സീറ്റ് നഷ്ടപ്പെടുമെന്നു ട്രമ്പ് മുന്നറിയിപ്പു നൽകി.
മാർച്ച് 21 നു കാപ്പിറ്റോളിൽ നടന്ന റിപബ്ലിക്കൻ പ്രതിനിധികളുടെ യോഗത്തിലാണ് ട്രമ്പ് അഭിപ്രായം തുറന്നു പറഞ്ഞത്. റിപബ്ലിക്കൻ പാർട്ടിയിലെ പല അംഗങ്ങളും ഹെൽത്ത് കെയർ ബില്ലിനെ എതിർക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നു ട്രമ്പ് കർശന നിലപാട് സ്വീകരിക്കാൻ നിർബന്ധിതനായത്. മാർച്ച് 23 വ്യാഴാഴ്ചയാണ് ബിൽ യുഎസ് കോൺഗ്രസിൽ വോട്ടിനിടുക.
പ്രസിഡന്റ് ട്രമ്പും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഹെൽത്ത് കെയർ ബില്ലു പാസാക്കിയെടുക്കുന്നതിനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഒബാമ കെയർ നീക്കം ചെയ്ത് പകരം ജനങ്ങൾക്കു പ്രയോജനകരവും ചിലവു കുറഞ്ഞതുമായ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കണമെന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യുമെന്നും ട്രമ്പ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഹെൽത്ത് കെയർ ബിൽ കോൺഗ്രസിൽ പരാജയപ്പെടുകയാണെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോൺ സ്‌പൈയ്‌സഞ്ചറും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹൗസ് സ്പീക്കർ പോൾ റയനും ബിൽ പാസാക്കുവാൻ സഹകരിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
Top