സുമനസ്സുകളുടെ സഹായത്തോടെ ദുരിതങ്ങൾ താണ്ടി മലയാളി വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ വനിതാ അഭയകേന്ദ്രത്തിൽ ആശ്രയം തേടിയ മലയാളിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ മേരി ഹെലൻ ഏഴുമാസങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ദമ്മാമിൽ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും മോശമായിരുന്നു അവിടത്തെ ജോലി സാഹചര്യങ്ങൾ. വിശ്രമിയ്ക്കാൻ സമയം നൽകാതെ രാപകൽ പണി, തൊട്ടതിനും പിടിച്ചതിനും  ശകാരം തുടങ്ങി പല ബുദ്ധിമുട്ടുകളും മേരിയ്ക്ക് നേരിടേണ്ടി വന്നു. വന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമേ ആ വീട്ടുകാർ നൽകിയുള്ളൂ. ശമ്പളം ചോദിച്ചപ്പോൾ, ശകാരവും മർദ്ദനവും നേരിടേണ്ടി വന്നെന്ന് മേരി പറയുന്നു. ജോലിയ്ക്ക് കൊണ്ടുവന്ന ഏജന്റിനെ വിളിച്ചു പരാതി പറഞ്ഞപ്പോൾ, അയാളും ശകാരിയ്ക്കുകയാണ് ചെയ്തത്. ഒടുവിൽ സഹികെട്ട മേരി, ആരുമറിയാതെ പുറത്ത് കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി.
വനിതാ അഭയകേന്ദ്രത്തിൽ വിവരമറിഞ്ഞെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ മേരിയുമായി സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കി. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും, മേരിയുടെ സ്‌പോൺസറെ ബന്ധപ്പെട്ടെങ്കിലും,ഒരു ഒത്തുതീർപ്പിനും തയ്യാറാകാതെ അയാൾ കൈയ്യൊഴിഞ്ഞു. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി മേരിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകുകയും ചെയ്തു.
നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, ദമ്മാമിലെ സിറ്റി ഫഌർ സൂപ്പർ മാർക്കറ്റ് മേരി ഹെലന് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങളും സൗജന്യമായി നൽകി.
സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് മേരി ഹെലൻ നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: മഞ്ജു മണിക്കുട്ടൻ മേരി ഹെലന് യാത്രരേഖകൾ കൈമാറുന്നു.
Top