ആശുപത്രികളിലെ രോഗികളുടെ എണ്ണം ഇരട്ടിയായി വർധിക്കുന്നു; തിരക്കു നിയന്ത്രിക്കാനാവാതെ അധികൃതർ

സ്വന്തം ലേഖകൻ
ലണ്ടൻ: രാജ്യത്തെ ആശുപത്രികളിലെ എമർജൻസി വിഭാഗത്തിൽ രോഗികളുടെ തിരക്ക് വർധിക്കുന്നതായി റിപ്പോർട്ടുകൾ. രോഗികളുടെ വർധനവ് മൂലം എൻഎച്ച്എസ് മുടന്തി നീങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഴ്‌സുമാർ മാത്രമാണ് ഇപ്പോൾ എല്ലാ കാര്യങ്ങളുമായി ഇവിടെ എത്താനുള്ളതെന്നാണ് റിപ്പോർട്ടുകളുള്ളത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളിൽ ഒന്നായ ലങ്കാഷയർ റോയൽ ബ്ലാക്ക്‌ബേൺ ആശുപത്രിയിലെ ആക്‌സിഡന്റ് & എമർജൻസി യൂണിറ്റു തിരക്കുമൂലം രോഗികളെ നിലതിരുത്തേണ്ട അവസ്ഥയിലെത്തി.
കഴിഞ്ഞ ആഴ്ച ഒരേസമയം ഗുരുതരാവസ്ഥയിലുള്ള 95 രോഗികളാണ് ചികിത്സയ്ക്കായി ഇവിടെ കാത്തുനിന്നത്. ഇവിടെ ആകെയുള്ളത് 33 കിടക്കകളും. അമ്മമാർ കുഞ്ഞുങ്ങളുമായി നിലത്തിരുന്നപ്പോൾ പ്രായമായവർ ട്രോളികളിലും, വീൽചെയറുകളിലുമായി കാത്തുകിടന്നു. ഒടുക്കം ഇടനാഴികൾക്ക് മാത്രമായി നഴ്‌സുമാരെ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലെ അവസ്ഥയാണ് ബിബിസി കവർ ചെയ്തത്.
സ്ഥലമില്ലാതെ രോഗികളെ വീട്ടിലേക്ക് നേരത്തെ തിരിച്ചയയ്‌ക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഡോക്ടർമാർ പറയുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ഷോർലി ഹോസ്പിറ്റൽ എ&ഇ അടിയന്തര കെയർ സെന്ററായി തരംതാഴ്ത്തിയതോടെയാണ് റോയൽ ബ്ലാക്ക്‌ബേണിലേക്ക് രോഗികളുടെ ഒഴുക്ക് വർദ്ധിച്ചത്. ആറും, ഏഴും മണിക്കൂർ രോഗികളെ ഇടനാഴികളിൽ നിർത്തേണ്ട അപകടകരമായ അവസ്ഥയാണ് ഉള്ളത്.
Top