കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം

കുവൈറ്റ് : കുവൈത്തില്‍ സ്വകാര്യ ഭവനങ്ങള്‍ വിദേശികള്‍ക്ക് വാടകയ്ക്ക് നല്‍കരുതെന്ന റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സെക്രട്ടറി ഗൈസ് അല്‍ ഗാനിന്റേതെന്നാണ് വിവാദ നിര്‍ദേശം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നു തന്നെ ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. സ്വദേശികള്‍ ഇത്തരം വീടുകള്‍ നിര്‍മിക്കുന്നത് തന്നെ വാടകയ്ക്ക് നല്‍കാനാണെന്നും അതുവഴി അവര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു.

ഇതിനായി ഒട്ടേറെപ്പേര്‍ അവരുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ വീടുകള്‍ പണിതിട്ടുണ്ട്. ചിലര്‍ ഭാഗികമായോ മുഴുവനായോ വീടുകള്‍ പണിത് അതില്‍നിന്ന് വരുമാന മാര്‍ഗം കണ്ടെത്തുന്നു. അത് തടഞ്ഞാല്‍ അത്തരത്തില്‍ വീടുകള്‍ ഒഴിഞ്ഞു കിടക്കുകയും വാടക വഴിയുള്ള വരുമാനം ഇല്ലാതാവുകയും ചെയ്യും. സ്വദേശികളെ പ്രയാസപ്പെടുത്തുകയാകും അന്തിമ ഫലമെന്ന് അബ്‌റാജ് യുണൈറ്റഡ് കമ്പനി ചെയര്‍മാന്‍ അഹമ്മദ് അല്‍ സുമൈത് പറഞ്ഞു.വിദേശികള്‍ കുവൈത്തില്‍ സ്വന്തമായി സ്ഥലം വാങ്ങുന്നതിന് അനുമതി ലഭിക്കുന്ന നിയമം കൊണ്ടുവരണമെന്നാ!ണ് റിയല്‍ എസ്റ്റേറ്റുകാരുടെ ആഗ്രഹമെന്നും അഹമ്മദ് അല്‍ സുമൈത് പറഞ്ഞു. അതേസമയം വിദേശികളില്‍ കുടുംബമായി താമസിക്കുന്നവരെ റസിഡന്‍ഷ്യല്‍ മേഖലയില്‍ താമസിപ്പിക്കാന്‍ തടസമില്ലെന്നും ബാച്ച്‌ലേഴ്‌സിന് മാത്രമാണ് നിരോധനം ബാധകമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉസാമ ഉതൈബി വ്യക്തമാക്കി.

Latest