ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം’നിങ്ങള്‍ ഇന്ത്യക്കാര്‍ ഇതര്‍ഹിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം.ഓസ്‌ട്രേലിയയില്‍ ഹോസ്പിറ്റാലിറ്റി വിദ്യാര്‍ത്ഥി കൂടിയായ പര്‍ദീപ് സിങ്ങിനാണ് യാത്രക്കാരായ ദമ്പതികളുടെ മര്‍ദ്ധനമേറ്റത്.ശനിയാഴ്ച രാത്രിയാണ് സംഭവം. സാന്‍ഡി ബേയില്‍ നിന്നും ടാസ്മാനിയയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. വണ്ടിയില്‍ കയറിയ യാത്രക്കാരി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് പര്‍ദിപ് നല്‍കുന്ന വിവരം. വാഹനം വൃത്തികേടാക്കുന്ന പക്ഷം വൃത്തിയാക്കുന്നതിന് പണം നല്‍കേണ്ടി വരുമെന്ന് പറഞ്ഞതും ഇരുവരെയും പ്രകോപിതരാക്കി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പര്‍ദീപ് വ്യക്തമാക്കി.
രണ്ടുപേരും തന്നെ അടിക്കുകയും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി പര്‍ദീപ് പറഞ്ഞു. ഇന്ത്യക്കാര്‍ ഇതര്‍ഹിക്കുന്നു എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവം കണ്ട വഴിയാത്രക്കാരാണ് പര്‍ദിപിനെ രക്ഷിച്ചതും പൊലീസില്‍ വിവരമറിയിച്ചതും.പര്‍ദീപിനെ ആക്രമിച്ചവരെ പൊലീസ് പിടികൂടി. ഈ വര്‍ഷം ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

Latest