ഇന്ത്യക്കാരായ യുവതിയും ഏഴുവയസ്സുകാരനായ മകനും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍

വിജയവാഡ: ഇന്ത്യക്കാരായ യുവതിയും ഏഴുവയസുകാരനായ മകനും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രപ്രദേശ് സ്വദേശികളായ എന്‍. ശശികലയും (40) മകന്‍ അനീഷ് സായിയുമാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു തിരിച്ചെത്തിയ ഭര്‍ത്താവ് എച്ച്. ഹനുമന്ത റാവു ആണ് ന്യൂജഴ്‌സിയിലെ വീട്ടില്‍ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളവരാണിവര്‍. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎസിലുള്ള ഹനുമന്തപ്പയും ശശികലയും സോഫ്റ്റ്‌വെയര്‍ പ്രൊഫഷനലുകളാണ്. ഇപ്പോള്‍ വീട്ടിലിരുന്നാണ് ശശികല ജോലി ചെയ്യുന്നത്. അതേസമയം, വംശീയ വിദ്വേഷമാണോ കൊലപാതകത്തിന് പിന്നിലുള്ളതെന്നു വ്യക്തമല്ല.

നേരത്തെ, കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല (32) വെടിയേറ്റു മരിച്ചിരുന്നു. സൗത്ത് കാരലൈനയില്‍ ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ ഹര്‍ണിഷ് പട്ടേലും (43) വെടിയേറ്റു മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുഎസിലെ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.

Latest
Widgets Magazine