ഐഎപിസി ഡയറക്ടർബോർഡ് പുനസംഘടിപ്പിച്ചു: ബാബു സ്റ്റീഫൻ ചെയർമാൻ

സ്വന്തം ലേഖകൻ
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടർബോർഡ് പുനസംഘടിപ്പിച്ചു. ചെയർമാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫൻ അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റൻ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിർണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയിൽ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മൻ ഇൻ അമേരിക്കയുടെ നിർമാതാവുമായിരുന്നു.
വാഷിംഗ്ടൺ ഡിസിയിലെ ദർശൻ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തമുദ്രപതിപ്പിച്ച് മലയാളികൾക്ക് അഭിമാനമായ ബാബു സ്റ്റീഫനെ അടുത്തിടെ തേടിയെത്തിയത് വാഷിംഗ്ടൺ ഡിസി മേയറുടെ ആദരമാണ്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉൾപ്പെടുത്തി മേയർനടത്തിയ ചൈനായാത്രസംഘത്തിൽ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയിൽ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫൻ ഡി.സി ഹെൽത്ത്‌കെയർ ഐഎൻസിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എൽഎൽസിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടൻ ഡിസിയിൽ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ൽ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കൻ കമ്യൂണിറ്റിയിൽ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
രണ്ട് വർഷം ഇന്ത്യൻ കൾച്ചറൽ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം  യുണൈറ്റഡ് സ്‌റ്റേറ്റ് കോൺഗ്രഷണൽ ഉപദേശക സമിതിയിൽ അംഗവും ഫെഡറേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്കയുടെ റീജിയണൽ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ ഇൻ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രമുഖ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായ വിനീത നായരാണ് ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്‌സൺ. കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠന കാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു.
ദൂരദർശൻ, ഏഷ്യനെറ്റ്, സൂര്യടിവി, ഓൾ ഇൻഡ്യ റേഡിയോ തുടങ്ങി വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിരവധി ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകൾ റിപ്പോർട്ടു ചെയ്തിട്ടുള്ള വിനീത രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തി പരിചയമുള്ള മാധ്യമപ്രവർത്തകയാണ്. 1999 ൽ കായംകുളം തെർമൽ പവർ പ്ലാന്റ് അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പെയ് ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ ഔദ്യോഗിക ഹോസ്റ്റായിരുന്നു.
വിവിധ മാധ്യമമേഖലകളിൽ എഴുത്തുകാരി, എഡിറ്റർ, കോപ്പിറൈറ്റർ, അവതാരക, റിപ്പോർട്ടർ, ഇന്റർവ്യൂവർ, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസർ, പബ്ലിക്ക് റിലേഷൻസ് ഓഫീസർ, മാസ്റ്റർ ഓഫ് സെറിമണീ എന്നീനിലകളിലും വിനി എന്നറിയപ്പെടുന്ന വിനീത നായർ പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂജേഴ്‌സിയിലുള്ള ഇന്ത്യൻ ടെലിവിഷൻ നെറ്റ്‌വർക്കായ യൂണൈറ്റഡ് മീഡിയയിൽ ചീഫ് ബ്രോഡ്കാസ്റ്ററായിരുന്നു. ‘മലയാളം ടെലിവിഷൻ ന്യൂസ് വിത്ത് വിനീത നായർ’ എന്ന പരിപാടി എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിനീത നായർ ലാളിത്യംനിറഞ്ഞ അവരുടെ അവതരണരീതികൊണ്ട് പ്രേക്ഷകശ്രദ്ധനേടിയിട്ടുള്ള മാധ്യമപ്രവർത്തകയാണ്. അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനൊപ്പംതന്നെ പബ്ലിക്ക് സ്പീക്കിംഗ് സ്‌കിൽ വർധിപ്പിക്കുന്നതിനുള്ള കോച്ചിംഗും നൽകിവരുന്നു.
നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. മാത്യു ജോയിസാണ് ഡയറക്ടർ ബോർഡ് സെക്രട്ടറി. ഐഎപിസിയുടെ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ബൈബിളിലെ പ്രേമകാവ്യവും പത്തുകൽപ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന ‘എന്റെ പ്രിയേ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. മലയാളി മാഗസിന്റെ അസോസിയേറ്റ് എഡിറ്ററുകൂടിയാണ് ഡോ. മാത്യു ജോയിസ്.
പ്രമുഖ ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകനും മാധ്യമസംരംഭകനുമായ ജിൻസ്‌മോൻ പി. സക്കറിയയാണ് കോഓർഡിനേറ്റർ (ഇൻകോർപറേറ്റഡ് ഡയറക്ടർ). ഐഎപിസിയുടെ സ്ഥാപക ചെയർമാൻകൂടിയാണ് ജിൻസ്‌മോൻ. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ അദ്ദേഹം ദൃശ്യമാധ്യമരംഗത്ത് പുതുമകൾ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവർത്തകനാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിൻസ്‌മോൻ അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത റിയാലിറ്റി ഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡുകളിലാണ്  സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകർക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ട് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും വിവിധ ചാനലുകൾക്കു വേണ്ടി വിശദമായി റിപ്പോർട്ട് ചെയ്യുകയും പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. യുഎസ് ഡയറി എന്ന പ്രതിവാര പരിപാടിയിലൂടെ അമേരിക്കൻ മലയാളികളുടെ നിരവധിപ്രശ്‌നങ്ങൾ അധികാരികൾക്കു മുന്നിൽ എത്തിച്ച് ദൃശ്യമാധ്യമപ്രവർത്തകരുടെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ചു.
അമേരിക്കയിൽ നിന്നുള്ള മലയാള ദൃശ്യ മാധ്യമങ്ങളിൽ വൈവിധ്യങ്ങളായ പരിപാടികളാണ് ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിൻസ്‌മോൻ ചെയ്തിട്ടുള്ളത്. ദൃശ്യ മാധ്യമ രംഗത്തിനൊപ്പം അച്ചടി മാധ്യമരംഗത്തും വ്യത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിൻസ്‌മോൻ  അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള മലയാളപത്രമായ ജയ്ഹിന്ദ് വാർത്തയുടെ ചെയർമാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യൻ ഈറയുടെ പ്രസിഡന്റും സിഇഒയുമാണ്. അമേരിക്കയിലെ  പ്രമുഖ ഇഗ്ലിഷ് പത്രമായ ദി സൗത്ത് ഏഷ്യൻ ടൈംസ്‌ന്റെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ജിൻസ്‌മോൻ പതിനാലുവർഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷന്റെ ചാർജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിക്കുന്നത്.
പ്രവാസ പത്രപ്രവർത്തന രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിൻസ്‌മോൻ സക്കറിയ. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ജിൻസ്‌മോൻ സക്കറിയ യൂറോപിലെ ലിവർപൂൾ മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. ഇൻഡോ അമേരിക്കൻ ലോയേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി, ഇൻഡോ അമേരിക്കൻ മലയാളി ചെംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ:
സുനിൽ ജോസഫ് കൂഴമ്പല മലയാളത്തിലെ ആദ്യദിനപത്രമായ ദീപിക പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാരുന്നു. ദീപിക പത്രം പ്രതിസന്ധികാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് അദ്ദേഹം കമ്പനിയുടെ എംഡിയായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ട് കമ്പനിയുടെ പ്രതിസന്ധികളെല്ലാം ചുരുങ്ങിയകാലം കൊണ്ടുതന്നെ മറികടക്കാൻസാധിച്ചു. കുട്ടികൾക്കുവേണ്ടി രണ്ടുവർഷത്തിനു മേൽ പ്രസിദ്ധീകരിച്ചിരുന്ന ‘ ചിൽഡ്രൻസ് വേൾഡ്’ മാസികയുടെ പബ്ലീഷറായിരുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ബിസിനസുകാരനായ ഇദ്ദേഹം മാധ്യമസംരംഭങ്ങളുടെ മാർഗദർശികൂടിയാണ്.
ഡോ. അജയ്‌ഘോഷ് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന്റെ അമേരിക്കൻ എഡിഷനുകളുടെ ബ്യൂറോ ചീഫാണ്. ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റുകൂടിയായ അജയ്‌ഘോഷ് അമേരിക്കയിൽ അറിയപ്പെടുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനാണ്. ഏഷ്യൻ ഈറ മാഗസിന്റെ മുൻ ചീഫ് എഡിറ്റർകൂടിയാണ് അദ്ദേഹം.
നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് പോൾ ഡി പനയ്ക്കൽ. മലയാള മനോരമ സൺഡേ, വനിത, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദീപിക, കേരള ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജർമ്മനിയിൽ നിന്നും പ്രസിദ്ധീകരിച്ച ‘എന്റെ ലോകം’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു. ‘മലയാളം യൂറോപിൽ’ എന്ന പേരിൽ ഇദ്ദേഹം രചിച്ച പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സാമൂഹ്യപ്രസക്തിയുള്ള ലേഖനങ്ങളും വാർത്തകളും അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള അച്ചടി, ഓൺലൈൻ മാധ്യമങ്ങൾക്കുവേണ്ടിയും ഇദ്ദേഹം എഴുതുന്നുണ്ട്.
ഷാജി രാമപുരം  ഒരു ദശാബ്ദമായി അമേരിക്കയിൽ നിന്നുള്ള വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങൾക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവർത്തകനാണ് ഷാജി രാമപുരം. നോർത്ത് അമേരിക്കയിലെയും യൂറോപിലെയും മാർത്തോമ രൂപതയുടെ മീഡിയ കമ്മറ്റി അംഗമായി പ്രവർത്തിക്കുന്നു. ഒപ്പം, ഡിഎഫ്ഡബ്ല്യു പ്രൊവിൻസിലെ വേൾഡ്മലയാളി  കൗൺസിൽ പ്രസിഡന്റ്, ഡബ്ല്യുഎംസി അമേരിക്കൻ റീജ്യൻ വൈസ്പ്രസിഡന്റ് എന്നീപദവികൾ വഹിക്കുന്ന ഇദ്ദേഹം കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജോർജ്  കൊട്ടാരത്തിൽ  പതിറ്റാണ്ടുകളായി അമേരിക്കയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ജോർജ് കൊട്ടാരത്തിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാർത്തയുടെ എഡിറ്റോറിയൽ ബോർഡ് അംഗവും അക്ഷരം മാസികയുടെ റിസർച്ച് എഡിറ്ററുമാണ്. ദൃശ്യമാധ്യമരംഗത്തും വർഷങ്ങളുടെ പ്രവർത്തന പരിചയുള്ള ജോർജ് കൊട്ടാരം മലയാളം ഐപിടിവിയുടെ റിപ്പോർട്ടർ കൂടിയാണ്. എറണാകുളം രാജഗിരി കോളജിൽ നിന്നും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് അച്ചടി, ഓൺ ലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ പഠനം നടത്തി വിശദമായ പഠന റിപ്പോർട്ടുകളും ജോർജ് കൊട്ടാരത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാബു ജേസുദാസ്  ജയ്ഹിന്ദ് വാർത്ത ടെക്‌സാസ് എഡിഷന്റെ റീജണൽ ഡയറക്ടറായ ബാബു ജേസുദാസ് എട്ടുവർഷമായി അമേരിക്കയിലെ മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്‌നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
ടെക്‌സാസ് കേന്ദ്രീകരിച്ചാണ് ബാബു ജേസുദാസ് പ്രവർത്തിക്കുന്നത്. ടെക്‌സാസിലെ മലയാളികളുടെ ഓരോ സ്പന്ദനവും തന്റെ തൂലികയിലൂടെ ലോകത്തെ അറിയിക്കുന്ന ഇദ്ദേഹം അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ കോളമിസ്റ്റുകൂടിയാണ്. ജയ്ഹിന്ദ് ടിവി അമേരിക്കയിൽ ആരംഭിച്ചപ്പോൾ അതിന്റെ ഭാഗമായിരുന്ന ബാബു ദൃശ്യമാധ്യമരംഗത്തും വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ളയാളാണ്.
കാനഡിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ് ഡോ. പി.വി. ബൈജു. കാനേഡിയൻ മലയാളികളുടെ പ്രശ്‌നങ്ങൾ തന്റെ കോളങ്ങളിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവർത്തകനാണ് അദ്ദേഹം.
ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ ജോജി കാവനാൽ ജയ്ഹിന്ദ് ടിവിക്കുവേണ്ടി നിരവധി പ്രോഗ്രാമുകളാണ് ചെയ്തിട്ടുള്ളത്. അമേരിക്കൻ മലയാളികളുടെ മനസ് തെട്ടറിഞ്ഞ് ചെയ്തിട്ടുള്ള എല്ലാ പരിപാടികളും ഏറെ ജനപ്രീതിനേടിയവയാണ്.
മാധ്യമരംഗത്തെ പുത്തൻ പരീക്ഷണമായ സെൽഫി ജേണലിസ്റ്റിന്റെ സിഇഒയായ സിറിയക് സ്‌കറിയ ഫ്രീലാൻസ് ജേർണലിസ്റ്റും എഴുത്തുകാരനുമാണ്. നോർത്ത് അമേരിക്കയിലെയും യുകെയിലെയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സിറിയക് സ്‌കറിയയുടെ കോളങ്ങൾ ഏറെ ശ്രദ്ധേയമാണ്.
Latest
Widgets Magazine