നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധനവ് പരിഗണനയില്‍

ഡബ്ലിന്‍ : ഐറിഷ് ആശുപത്രികള്‍ നേരിടുന്ന സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടുന്നു. പൊതു ആശുപത്രികളില്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വന്‍ തോതില്‍ ഒഴിഞ്ഞു കിടക്കുന്നത് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ നിയമനങ്ങളും, ശമ്പളവര്‍ദ്ധനവും നടപ്പാക്കാന്‍ എച്ച്.എസ്.സി ക്ക് നിര്‍ദേശം നല്‍കി. സിന്‍ഫിന്‍ ആരോഗ്യവക്താവ് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളെ തുടര്‍ന്ന് എച്ച്.എസ്.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ബോധ്യപ്പെട്ടത്.

ഡോകര്‍മാരില്‍ നല്ലൊരു ശതമാനം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതാണ് ആരോഗ്യ വിദഗ്ദ്ധരുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് വരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ് നിലനില്‍ക്കുന്നത്. ഇവിടെ 130 കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഗാല്‍വേയില്‍ 18, സെന്റ് ജെയിംസ്-താല ആശുപത്രികള്‍ ഉള്‍പ്പെടുന്ന ഡബ്ലിന്‍ മിഡ്ലാന്‍ഡ് ആശുപത്രി ഗ്രൂപ്പില്‍ 43, ഐറിഷ് ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍ 43 തുടങ്ങി രാജ്യത്തെ പ്രധാന ആശുപത്രികളില്‍ എല്ലാം തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ എണ്ണം അപകടകരമായ വിധത്തില്‍ കുറഞ്ഞുവരികയാണ്.

ആശുപത്രികള്‍ നേരിടുന്ന ഈ പ്രതിസന്ധി മറികടക്കാന്‍ നിയമനങ്ങളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ സിന്‍ ഫിന്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി പാര്‍ട്ടികള്‍ എച്ച്.എസ്.ഇ-ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കി. കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാര്‍ക്കൊപ്പം നേഴ്‌സിങ് നിയമനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എച്ച്.എസ്.ഇ-ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം നേഴ്സുമാരുടെ ശമ്പള പരിഷ്‌കരണവും നടപ്പായേക്കും.

Latest