അപകടം പതിയിരിക്കുന്ന കില്‍റഷിലേക്കുള്ള പാതകള്‍…

ഡ്രൈവിംഗ് പ്രേമികള്‍ക്കും കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കുമൊക്കെ എന്നിസില്‍ നിന്നും കില്‍റഷിലേക്കുള്ള N68 പാത വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അപകടം പതിയിരിക്കുന്ന റോഡുകളാണ് ഇവയെന്ന് അടുത്തകാലത്ത് ഇവിടെയുണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ നിന്നും മനസിലാകും. ഏറ്റവും മനോഹരമായ കാഴ്ചകള്‍ കണ്ട് ചീറിപ്പായുമ്പോഴായിരിക്കും അപകടം നിങ്ങളെ തേടിയെത്തുക. കഴിഞ്ഞ ദിവസം കില്‍റഷിലേക്കുള്ള റോഡില്‍ ലിസിക്കസിയില്‍ മലയാളിയായ പോള്‍ ജോസഫ് അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇവിടുത്തെ മലയാളികള്‍ ഇതുവരെ മുക്തരായിട്ടില്ല. N68 ല്‍ പോള്‍ ജോസഫ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിയന്ത്രണം വിട്ട് സമീപമുള്ള മരത്തിലിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ കാറിന്റെ മുന്‍വശത്തെ ഡോര്‍ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കില്‍റുഷ് നേഴ്‌സിങ് ഹോമിലെ ജീവനക്കാരനാണ് മുപ്പതുകാരനായ പോള്‍ ജോസഫ്. ക്ലയര്‍ കൗണ്ടിയിലെ റോഡുകളില്‍ 94 ശതമാനവും ലോക്കല്‍ റോഡുകളാണ്. മൂന്ന് മില്യണ്‍ വാഹനങ്ങളാണ് പ്രതിവര്‍ഷം ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. അതീവ സുന്ദരമായ യാത്രാനുഭവം പകരുന്ന ഇത്തരം പ്രാദേശിക റോഡുകളിലൂടെയുള്ള യാത്രയില്‍ വാഹനയാത്രക്കാരുടെ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിവച്ചേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കില്‍റഷ്, കില്‍കി, നോക്കാലോഫ് എന്നിവടങ്ങളിലെല്ലാം അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇതേ പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു വാഹങ്ങളിലെയും യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നു. സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിട്ടുപോലും കൂട്ടിയിടിയുടെ ആഘാതത്തില്‍ മാരകമായ മുറിവുകളാണ് ഇവര്‍ക്കുണ്ടായത്. പൊതുവെ വളവുകളിലാത്ത നേരെയുള്ള റോഡാണ് ഇതെങ്കിലും പെട്ടെന്നുള്ള കയറ്റവും ഇറക്കവും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികളും മറ്റും നടക്കാറുണ്ടെങ്കിലും എന്നിസില്‍ നിന്ന് കില്‍റഷിലേക്കുള്ള പാതയില്‍ അപകടമുണ്ടാവുന്നതിന് ഒരു ഒരു കുറവുമില്ല എന്നതാണ് യഥാര്‍ഥ്യം.

N68 പാതയില്‍ 2018 ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ അഞ്ചിലധികം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ N68 ല്‍ ഏഴോളം പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. N67 ലെ അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഏഴു പേരുടേതാണ്. എന്നിസില്‍ നിന്ന് തൂംഗ്രാനി വരെയുള്ള R352 പാതയില്‍ ഉണ്ടായ അപകടത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എട്ട് പേരാണ് മരണപ്പെട്ടത്. ഏകദേശം 60 ശതമാനം സംഭവങ്ങളും നടന്നത് രാവിലെ എട്ട് മണിയ്ക്കും വൈകിട്ട് 8 മണിയ്ക്കും ഇടയിലാണ്. ആരോഗ്യമേഖലയില്‍ ജോലി നോക്കുന്ന, 12 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന മലയാളികള്‍ രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ അപകടം പതിയിരിക്കുന്ന വഴികളായി ഇവ മാറാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വഴിയാത്രക്കാര്‍ക്ക് അപകടം സംഭവിച്ചത് ക്ലയറിലെ റോഡുകളിലാണ്. പ്രാദേശിക റോഡുകളിലാണ് ഇവയില്‍ കൂടുതല്‍ അപകടങ്ങളും സംഭവിച്ചത്. ലോക്കല്‍ റോഡുകളിലെ വാഹന വേഗത അപരമാവധി 80 km/h, 100 km/h, 120 km/h എന്നിങ്ങനെയാണ്. ഇതില്‍ 80 km/h വേഗതയുള്ള ഐറിഷ് റോഡുകളില്‍ ഈ വര്‍ഷം 24 പേരും, 100 km/h വേഗതയുള്ള റോഡുകളില്‍ 22 പേരും, 80120 km/h വേഗതയുള്ള പ്രാദേശിക റോഡുകളില്‍ 5 പേരുടെ ജീവനും ഈ വര്‍ഷം പൊളിഞ്ഞിട്ടുണ്ട്. റോഡിന്റെ ഘടന മെച്ചപ്പെടുത്തുന്നത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാകുമെന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. കില്‍റഷില്‍ നിന്ന് കില്‍കീലേക്കുള്ള പാതയില്‍ 5 കിലോമീറ്റര്‍ മുതല്‍ 8 കിലോമീറ്റര്‍ വരെ അതീവ അപകട സാധ്യതയുള്ള കൊളിഷന്‍ പ്രോണ്‍ സോണുകളായി ഗാര്‍ഡ പ്രഖ്യാപിച്ചിട്ടുണ്ട്. പരിചയമുള്ള വഴികളാണെങ്കിലും റോഡുകള്‍ എപ്പോഴും ഒന്നുപോലെയിരിക്കണം എന്നില്ല, പ്രത്യേകിച്ചും ഐറിഷ് റോഡുകളുടെ സ്വഭാവം കാലാവസ്ഥയനുസരിച്ച് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഈ പാതയില്‍ റോഡിന്റെ ഉപരിതലം വഴുവഴുപ്പുള്ളതിനാല്‍ അപകടം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ചൂട് കാരണം ടാറില്‍ നിന്ന് പുറത്തുവരുന്ന എണ്ണ പോലെയുള്ള പാടയും വാഹനങ്ങളില്‍ നിന്ന് വീഴുന്ന ഓയിലും ഇന്ധനവും റോഡില്‍ വ്യാപകമായി ഉണ്ടാകും.

മഴ പെയ്യുമ്പോള്‍ ചെളിയും വെള്ളവും ഇത്തരം വസ്തുക്കളുമായി ചേര്‍ന്ന് വഴുക്കല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതില്‍ ടയറുകള്‍ സ്‌കിഡ് ചെയ്ത് അപകടമുണ്ടാവുന്നു. ടാറിട്ട റോഡുകളില്‍ മഴപെയ്യുമ്പോള്‍ തെന്നല്‍ കൂടുതലാണ്. ടയര്‍ സ്‌കിഡ് ആകുന്നത് പതിവാണ്. മഴയുടെ ആദ്യകാലങ്ങളിലായിരിക്കും തെന്നല്‍ കൂടുതല്‍. വളവുകളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്തിന് ഇത് കാരണമാകുന്നു. പ്രതിവര്‍ഷം ഏകദേശം 20 മില്യണ്‍ യൂറോയോളം ക്ലയറിലെ പ്രാദേശിക റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്താറുണ്ട്. അതേസമയം ഈ റോഡുകളെ മെച്ചപ്പെടുത്താനും സുരക്ഷിതമായി വാഹനമോടിക്കാനും ഈ ഫണ്ട് മതിയാകില്ല എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഏതായാലും N67, N68, പാതകളില്‍ അപകടങ്ങള്‍ പതിവാകുന്നത് തടയാനും അപകട നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡ അധികൃതരും.

Top