സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സൗദി: സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണ്ണയെയാണ് സൗദി അറേബ്യയിലെ ഹഫൂഫില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം കഴിഞ്ഞ ഏഴുവര്‍ഷമായി സൗദിയില്‍ താമസിക്കുകയായിരുന്നു ഇവര്‍.

പത്താംതരത്തില്‍ പഠിക്കുന്ന മകളെ സ്‌കൂളില്‍ പറഞ്ഞയച്ചശേഷം സുവര്‍ണ്ണ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ മകള്‍ വിളിച്ചിട്ടും സുവര്‍ണ്ണ വാതില്‍ തുറന്നില്ല. തുടര്‍ന്ന് മകള്‍ അച്ഛനെ വിളിച്ചുവരുത്തി ജനലിലൂടെ വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കയറില്‍ തൂങ്ങുന്നതിന് മുമ്പായി ഇവര്‍ കൈഞരമ്പ് മുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും തന്നെ അല്‍ ഹസ്സയില്‍ അടക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും പൊലിസ് കണ്ടെടുത്തു. മകളുടെ പരീക്ഷയ്ക്കുശേഷം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുവാനായി ഇവര്‍ തയ്യാറെടുത്ത് വരികയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.ഇവരുടെ മൂത്ത മകള്‍ സാന്ദ്ര നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ഇവരുടെ ഭര്‍ത്താവ് ജയരാജന്‍ വൃക്ക രോഗത്തിന് ചികിത്സയിലാണ്. റുഗെഗ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കിങ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെയും മക്കളുടെയും ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് നവോദയ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നുണ്ട്.

Latest
Widgets Magazine