പതിനായിരങ്ങള്‍ പങ്കെടുത്ത ലണ്ടന്‍ മാരത്തണ്‍ ആവേശകരമായി

ലണ്ടൻ∙ ലണ്ടനിലെ നഗരവീഥികളിലൂടെ മനംനിറഞ്ഞും സന്തോഷാരവങ്ങൾ ഏറ്റുവാങ്ങിയും ഓടിയത് പതിനായിരങ്ങൾ. ഇന്നലെ നടന്ന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ഇവന്റുകളിൽ ഒന്നായ ലണ്ടൻ മാരത്തണിൽ ഓടാനെത്തിയത് നാൽപതിനായിരത്തിലേറെപ്പേർ. മുൻകാല റെക്കോർഡുകൾ ഭേദിച്ച് ഓട്ടക്കാർ രാജവീഥികൾ കൈയടക്കിയപ്പോൾ അവരെ പ്രോൽസാഹിപ്പിക്കാനും മുൻകാലങ്ങളെ കടത്തിവെട്ടി ജനക്കൂട്ടമെത്തി.

ലണ്ടൻ നഗരമധ്യത്തിലൂടെയുള്ള 26.2 മൈൽ കൂട്ടയോട്ടത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിവിധ ലക്ഷ്യങ്ങളോടെ എത്തിയത് 40,382  ഓട്ടക്കാരാണ്. കഴിഞ്ഞവർഷം ഇത് 39,140 ആയിരുന്നു. എട്ടുലക്ഷത്തിലധികം ആളുകൾ പാതയോരങ്ങളിൽ തടിച്ചുകൂടി ഓട്ടക്കാർക്ക് പ്രോൽസാഹം നൽകി.

AA_23042017_507467

പുരുഷ-വനിതാ വിഭാഗം മൽസരഓട്ടങ്ങളിൽ കെനിയയുടെ ഡാനിയേൽ വാൻജിരു, മേരി കെയ്റ്റനി എന്നിവർ ജേതാക്കളായി. ഇത് മൂന്നാംതവണയാണ് മേരി കെയ്റ്റനി ലണ്ടൻ മാരത്തണിൽ കിരീടമണിയുന്നത്.

5,000, 10,000 മീറ്റർ ദീർഘദൂര ഓട്ടങ്ങളിലെ ലോകറെക്കോർഡ് ജേതാവുകൂടിയായ ഡാനിയേൽ വാൻജിരു ഒളിമ്പിക് ജേതാവുകൂടിയാണ്. രണ്ടുമണിക്കൂർ അഞ്ചുമിനിറ്റ് 48 സെക്കൻറുകൊണ്ടാണ് വാൻജിരു 26.2 മൈൽ ഓടിയെത്തിയത്.

ലണ്ടൻ മാരത്തണിന്റെ രക്ഷാധികാരികൂടിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും ഹാരി രാജകുമാരനും ചേർന്നാണ് രാവിലെ മാരത്തണിന്റെ സ്റ്റാർട്ടിംങ് ബട്ടൺ അമർത്തിയത്. പിന്നീട് ഫിനിഷിംങ് ലൈനിൽ ജേതാക്കളെ വരവേൽക്കാനും ഇവരെത്തി. മുപ്പത്തേഴു വർഷമായി തുടരുന്ന ഈ കായിക ഉൽസവം നഗരത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

Latest