കരാർ ലംഘനത്തിനെതിരെ കേസ് കൊടുത്തതിനാൽ  സ്‌പോൺസർ ഹുറൂബാക്കിയ മലയാളി ഡ്രൈവറെ നവയുഗം രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ
ദമ്മാം: ജോലി കരാർ ലംഘനത്തിനെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്തതിനാൽ, സ്‌പോൺസർ ഹുറൂബാക്കിയ മലയാളി ഹൗസ്‌ഡ്രൈവർ, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം അതിർത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കഴുവാൻതിട്ട സ്വദേശിയായ അനിൽകുമാർ രാഘവനാണ് നിയമനടപടികളുടെ അനിശ്ചിതങ്ങൾ മറികടന്ന് നാട്ടിലേയ്ക്ക് പോകാൻ കഴിഞ്ഞത്. ഒരു വർഷത്തിന് മുൻപാണ് കത്തീഫിലെ ഒരു സൗദി ഭവനത്തിൽ അനിൽകുമാർ ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. 1500 റിയാൽ മാസശമ്പളം നൽകാം എന്നായിരുന്നു ജോലിക്കരാർ. ജോലിതുടങ്ങിയ ശേഷം ആദ്യമാസം 1500 റിയാൽ ശമ്പളമായി നൽകിയ സ്‌പോൺസർ, പിന്നീടുള്ള മാസങ്ങളിൽ 1300 റിയാൽ മാത്രമേ നൽകിയുള്ളൂ. ചോദിച്ചപ്പോൾ, മാസാമാസം കുടിശ്ശികയായി അവശേഷിയ്ക്കുന്ന 200 റിയാൽ, നാട്ടിൽ വെക്കേഷന് പോകുമ്പോൾ ഒരുമിച്ചു നൽകാം എന്ന് സ്‌പോൺസർ വാഗ്ദാനം ചെയ്തു. അനിൽകുമാർ സ്‌പോൺസറുടെ വാക്കിൽ വിശ്വസിച്ചു ജോലി തുടർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 6 മണി മുതൽ അർദ്ധരാത്രി വരെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. പലപ്പോഴും സ്‌പോൺസറുടെ നിർബന്ധപ്രകാരം, അയാളുടെ മൂന്നു സഹോദരന്മാരുടെ വീട്ടിലെ ഡ്രൈവർ പണിയും അനിൽകുമാറിന് ചെയ്യേണ്ടി വന്നു. സമയത്തിന് ഭക്ഷണം കഴിയ്ക്കാനോ, ഉറങ്ങാനോ കഴിയാതെ ആരോഗ്യവും മോശമായി. മാത്രമല്ല സ്‌പോൺസർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് കൊടുക്കാത്തത് കാരണം ദീർഘകാലം ലൈസൻസ് ഇല്ലാതെ വണ്ടിയോടിയ്‌ക്കേണ്ടി വന്നു. എന്നാലും  നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്ത്, അനിൽകുമാർ എങ്ങനെയും ആ ജോലിയിൽ പിടിച്ചു നിന്നു.

ഒരു വർഷമായപ്പോൾ, നാട്ടിൽ അനിൽ കുമാറിന്റെ  ഭാര്യയ്ക്ക് രോഗം കൂടുതലായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഭാര്യയുടെ ചികിത്സയ്ക്കായി, പത്തു മാസമായി  തനിയ്ക്ക് തരുമെന്ന് പറഞ്ഞ കുടിശ്ശിക തുക ഒന്നിച്ചു തരണമെന്ന് അനിൽകുമാർ സ്‌പോൺസറോട് അഭ്യർത്ഥിച്ചു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് സ്‌പോൺസർ ഒഴിഞ്ഞു മാറി. പറഞ്ഞ ശമ്പളം തന്നില്ലെങ്കിൽ താൻ ജോലി തുടരില്ലെന്നും, അല്ലെങ്കിൽ ഫൈനൽ എക്‌സിറ്റ് തരാൻ അനികുമാർ പറഞ്ഞെങ്കിലും സ്‌പോൺസർ വഴങ്ങിയില്ല. തുടർന്ന് തർക്കമാവുകയും, അനിൽകുമാർ ലേബർ കോടതിയിൽ  സ്‌പോൺസർക്കെതിരെ ജോലിക്കരാർ ലംഘനത്തിന് കേസ് കൊടുക്കുക്കാൻ പോകുകയും ചെയ്തു. ഇത് മനസ്സിലാക്കിയ  സ്‌പോൺസർ, അനിൽകുമാറിനെ ഹുറൂബിൽ (ഒളിച്ചോടിയ തൊഴിലാളി) ആക്കുകയും ചെയ്തു.

ലേബർ കോടതിയിൽ എത്തിയ  അനിൽകുമാറിനെ പിടികൂടി ജയിലിൽ കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ സ്‌പോൺസർ ചെയ്തിരുന്നു. അങ്ങനെ നിയമപാലകർ കോടതിയിൽ വെച്ച് അനിൽകുമാറിനെ പിടിക്കൂടുകയും, അയാൾ പരിഭ്രമിച്ച് ബഹളം വെയ്ക്കുകയും ചെയ്തു. മറ്റൊരു തൊഴിലാളിയുടെ കേസിന്റെ ആവശ്യത്തിനായി കോടതിയിൽ ഉണ്ടായിരുന്ന നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ബഹളം കേട്ട് വന്ന് കാര്യങ്ങൾ തിരക്കുകയും, അനിൽകുമാറിന്റെ അവസ്ഥ മനസ്സിലാക്കി കേസിൽ ഇടപെടുകയും ചെയ്തു.

അനിൽകുമാറുമൊത്ത് ലേബർ കോടതിയിലെ ഉന്നതഅധികാരിയുടെ മുന്നിലെത്തിയ ഷാജി മതിലകം, അനിൽകുമാർ നേരിടേണ്ടി വന്ന കരാർലംഘനം തെളിവുകൾ സഹിതം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. സത്യം മനസ്സിലായ ലേബർ ഓഫീസർ, അനികുമാറിന് അപ്പോൾ തന്നെ ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകാൻ ഏർപ്പാട് ചെയ്തു.

നവയുഗത്തിന്റെ ഒരു സുഹൃത്ത് അനിൽകുമാറിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. ഷാജി മതിലകത്തിനും നവയുഗത്തിനും   നന്ദി പറഞ്ഞ് അനിൽകുമാർ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ :
അനിൽകുമാറിന് ഷാജി മതിലകം യാത്രരേഖകൾ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകൻ ജോബി ജേക്കബ് സമീപം.

Top