മുതലാളിയെ കൊന്നു; ഫിലിപ്പൈന്‍ യുവതിയുടെ വധശിക്ഷ റദ്ദാക്കി

ദുബൈ: സ്വയരക്ഷയ്ക്കായി മുതലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പൈന്‍ യുവതിയുടെ വധശിക്ഷ ദുബൈ കോടതി റദ്ദാക്കി. 2014 ഡിസംബറില്‍ ആണു കേസിനാസ്പദമായ സംഭവം നടന്നത്. 2015 മെയില്‍ അല്‍ഐന്‍ കോടതി ജെന്നിഫര്‍ ഡാല്‍ക്കസിന് (31) വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ വീണ്ടും നല്‍കിയ അപ്പീലിലാണ് ശിക്ഷ റദ്ദാക്കിക്കൊണ്ടു വിധി പ്രഖ്യാപിച്ചത്. സ്വയം രക്ഷപെടാനായാണ് മുതലാളിയെ കൊലപ്പെടുത്തേണ്ടി വന്നതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി മുതലാളി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണു മരണം സംഭവിച്ചതെന്നും കൊലപാതകം നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും യുവതി കോടതിയെ ബോധ്യപ്പെടുത്തി. വ്യാഴാഴ്ച ജയില്‍ മോചിതയായ ജെന്നിഫര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയതായി അബുദാബിയിലെ ഫിലിപ്പൈന്‍സ് എംബസി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാറു മാസത്തെ ജയില്‍ വാസത്തിനു ശേഷം തിരിച്ചു നാട്ടിലെത്തിയ മകളെ കണ്ണീരോടെയാണു മാതാപിതാക്കള്‍ സ്വീകരിച്ചത്. നാട്ടിലേക്കു പുറപ്പെടും മുന്‍പ് എംബസി ഉദ്യോഗസ്ഥരെ കാണാന്‍ സാധിക്കാതിരുന്നതിനാല്‍ അവര്‍ക്കായി കൈകൊണ്ടെഴുതിയ ഒരു നന്ദി കത്ത് ജെന്നിഫര്‍ ഏല്‍പ്പിച്ചിരുന്നു. കേസ് നടക്കുന്ന കാലഘട്ടം മുഴുവന്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും ഫിലിപ്പൈന്‍ സര്‍ക്കാരിനും ഹൃദയംനിറഞ്ഞ നന്ദി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു കത്ത്. ജെന്നിഫറിനായി ഫിലിപ്പൈന്‍ സര്‍ക്കാര്‍ പ്രത്യേക അഭിഭാഷകരെ നിയമിക്കുകയും കേസ് നടത്തുകയും ആയിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു തിരിച്ച മറ്റ് 86 പേര്‍ക്കൊപ്പമാണു ജെന്നിഫര്‍ മനിലയിലെത്തിയത്.

Top