പ്രവാസിക്ഷേമത്തിന് പ്രത്യേക പരിഗണന നൽകിയ കേരള ബജറ്റ്: നവയുഗം

സ്വന്തം ലേഖകൻ
ദമ്മാം:  നിയമസഭയിൽ കേരള ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാനബജറ്റിൽ പ്രവാസിക്ഷേമത്തിന് പ്രത്യേക പരിഗണന നൽകിയതിൽ നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി സന്തോഷം പ്രകടിപ്പിച്ചു.
കേരളസർക്കാരിന്റെ പ്രവാസി ക്ഷേമനിധിയിൽ  അംഗങ്ങളാവുന്നവർക്കുള്ള പ്രതിമാസപെൻഷൻ തുക 500 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തിയതും, വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യ  വികസനത്തിനുമായി 180 കോടി രൂപ അനുവദിച്ചതും അഭിനന്ദനാർഹമാണ്.
പ്രവാസികളുടെ ഓൺലൈൻ ഡാറ്റാ ബെയ്‌സ് തയ്യാറാക്കി, അതിൽ രജിസ്റ്റര് ചെയ്യുന്നവർക്ക്  ഇൻഷുറൻസ്  പാക്കേജ് നൽകുന്നതിനായി  അഞ്ചു കോടി രൂപ ബജറ്റില് വകയിരുത്തിട്ടുണ്ട്. എല്ലാ വിദേശമലയാളികളേയും ഇതിൽ രജിസ്റ്റർ ചെയ്യിച്ച്, പ്രവാസികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച്, പ്രവാസിക്ഷേമത്തിന് ഉതകുന്ന പുതിയ പദ്ധതികൾ ആവിഷ്‌കരിയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
മാത്രമല്ല വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് വേണ്ടി ലോക കേരളസഭ രൂപീകരിക്കുക എന്ന വിപ്ലവകരമായ തീരുമാനവും ബജറ്റിൽ ഉണ്ട്. ജനസംഖ്യാനുപാതത്തില് വിദേശരാജ്യത്തുള്ള പ്രവാസികളുടെ പ്രതിനിധികളും കേരളനിയമസഭാംഗങ്ങളും  ഈ കേരള സഭയില് അംഗങ്ങളായിരിക്കും.
കെ.എസ്.എഫ്.ഇ  ഈ വർഷം ജൂണ് മാസത്തിനകം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശമലയോര ഹൈവേകളുടെ നിര്മ്മാണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റില് വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിന് ഉപയോഗിയ്ക്കാൻ കഴിയുന്ന ഈ   പദ്ധതിയില് കഴിവുള്ള എല്ലാ പ്രവാസികളെങ്കിലും പങ്കു ചേരണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രവാസലോകത്തോട് അഭ്യർത്ഥിച്ചു.
പ്രവാസികളെ തീർത്തും അവഗണിച്ച, കേന്ദ്രസർക്കാരിന്റെ ബജറ്റ് അവതരണവും, കേന്ദ്ര പ്രവാസി പെൻഷൻ പദ്ധതി വരെ നിർത്തലാക്കിയ നടപടികളും മൂലം വിഷമത്തിലായിരുന്നു പ്രവാസി മലയാളികൾക്ക്, ഏറെ ആശ്വാസം പകരുന്നതാണ് ഇന്ന് സഖാവ് തോമസ് ഐസക്ക് അവതരിപ്പിച്ച കേരളബജറ്റ്.  അതിന് അദ്ദേഹത്തെ ഏറെ അഭിനന്ദിയ്ക്കുന്നതായി നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Top