നാട്ടില്‍ നിന്ന് മകളെ കാണാനെത്തിയ പിതാവ് മരണമടഞ്ഞു; മോഹനന്‍ നായരുടെ സംസ്‌ക്കാരം യുകെയില്‍ തന്നെ നടത്തും

കവന്‍ട്രി: നാട്ടില്‍ നിന്ന് മകളെയും പേരകുട്ടികളെയും കാണാനെത്തിയ പിതാവ് മരണമടഞ്ഞു. നോട്ടിങ്ങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരാണ് (64) ഇന്നലെ നോട്ടിങ്ങ്ഹാം ആശുപത്രിയിലെ ചികിത്സക്കിടയില്‍ മരണമടഞ്ഞത്. മൂന്നാഴ്ചയോളമായി പനിയും ചിക്കന്‍പോക്‌സും ബാധിച്ചു വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അടുത്ത ആഴ്ച്ച നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.

ഇടയ്ക്കു ന്യുമോണിയ ബാധ ഉണ്ടായതോടെ സ്ഥിതി ഗുരുതരമാകുക ആയിരുന്നു എന്ന് കുടുംബ സുഹൃത്തുക്കള്‍ അറിയിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശിയായ മോഹനന്‍ നായരും പത്‌നിയും മകളെയും കുട്ടികളെയും സഹായിക്കാനായി ഇടയ്ക്കിടെ യുകെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.

മോഹനന്‍ നായരുടെ സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ നാട്ടില്‍ നിന്നും മകനും നോട്ടിങ്ങ്ഹാമില്‍ എത്തിയിരുന്നു. ഇതോടെ രണ്ടു മക്കളും യുകെയില്‍ ഉള്ള സാഹചര്യത്തില്‍ മൃതദേഹം യുകെയില്‍ തന്നെ സംസ്‌ക്കരിക്കാരിചേക്കും. നോട്ടിങ്ങ്ഹാം മാക്മില്ലന്‍ ക്യാന്‍സര്‍ വാര്‍ഡില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് ബിന്ദു. രണ്ടു കുട്ടികളുണ്ട്.

Latest