ഒ.ഐ.സി.സി രക്തദാന ക്യാമ്പിന് അധികൃതരുടെ പ്രശംസ

ദമ്മാം: രക്തദാനം എന്ന മഹാദാനത്തിൻറെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് ഓ ഐ സി സി ദമ്മാം റീജ്യൺ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രക്ത ദാതാക്കളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ദമ്മാം കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപതിയിൽ നടന്ന രക്തദാന ക്യാമ്പിൽ സ്ത്രീ പുരുഷ ഭേദമെന്യേ അനേകമാളുകൾ സജീവമായി പങ്കെടുത്തത് ആശുപത്രി അധികൃതരുടെ പ്രശംസക്ക് അർഹമായി. രാവിലെ മുതൽ ഉച്ചക്ക് മൂന്ന് മണിവരെ നടന്ന രക്തദാന ക്യാമ്പിൽ ഒ ഐ സി സി പ്രവർത്തകരോടൊപ്പം മറ്റനേകം മനുഷ്യസ്നേഹികളും ഭാഗഭാക്കായത് രക്തദാനത്തിൻറെ മഹത്വം വിളിച്ചോതുന്നതായിരുന്നു.

ഒ ഐ സി സി ഗ്ലോബൽ ഉപാദ്ധ്യക്ഷൻ അഹമ്മദ് പുളിക്കൽ കുടുംബസമേതം രക്തദാന ക്യാമ്പിലെത്തിയത് കൂടുതൽ ഒ ഐ സി സി പ്രവർത്തകരെ ക്യാമ്പിലെത്തിക്കുന്നതിന് പ്രചോദനമേകി. ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ കെ സലിം, കോട്ടയം ഒ ഐ സി സി പ്രസിഡണ്ട് ബിനു പുരുഷോത്തമൻ, ജനറൽ സെക്രട്ടറി ഡെന്നിസ് ഡൊമിനിക്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ജോസൻ ജോർജ്, ഷെരീഫ് ഖാൻ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ, ഒ ഐ സി സി റീജിയണൽ കമ്മിറ്റിയുടേയും വിവിധ ജില്ലാ, ഏരിയ , യൂത്ത്, വനിതാ കമ്മിറ്റികളുടെയുംപ്രസിഡണ്ടുമാരടക്കമുള്ള ഭാരവാഹികളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. രക്തദാന ക്യാമ്പുമായി സഹകരിച്ച മുഴുവനാളുകൾക്കും ഒ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് ബിനു പുരുഷോത്തമനും ജനറൽ സെക്രട്ടറി ഡെന്നിസ് ഡൊമിനിക്കും നന്ദി അറിയിച്ചു.

Latest