പുനഃരധിവാസത്തിന് പ്രവാസികള്‍ സ്വയം തയ്യാറെടുക്കുക: ഒ ഐ സി സി ടേബിള്‍ ടോക്ക്

E.K.Salim

ദമ്മാം: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി വലിയൊരു വിഭാഗം പ്രവാസികളുടെ തിരിച്ചുപോക്ക് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ കാരുണ്യം പ്രതീക്ഷിച്ചുനില്‍ക്കാതെ പ്രവാസികള്‍ ഓരോരുത്തരും പുനഃരധിവാസത്തിന് സ്വയം തയ്യാറെടുക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. മേഖലയിലെ സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റം പ്രവാസികളായ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൗദി പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂട നീക്കങ്ങള്‍ നാം പോസിറ്റിവായി കാണണം. റിച്ച് പ്രവാസമെന്നത് താല്‍കാലിക സാമ്പത്തിക അഭയാര്‍ഥിത്വമാണെന്നും കാലാകാലത്തേക്കുമുള്ള സുരക്ഷിത താവളമല്ല അതെന്നും തിരിച്ചറിഞ്ഞ് വളരെ വേഗം സാമ്പത്തിക സുരക്ഷ ഉറപ്പാക്കി തിരിച്ചുപോക്കിനുള്ള ശ്രമം നടത്തുകയുമാണ് ബുദ്ധിപൂര്‍വകമായ നീക്കം. പ്രതിസന്ധികളെ സമചിത്തതയോടെ നേരിട്ടുള്ള പ്രവാസികള്‍ തങ്ങളുടെ കഴിവും സമ്പത്തും പരസ്പരം പങ്കുവച്ച് കൂട്ടായ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും അതുവഴി ഭാവി ഭദ്രമാക്കാനുള്ള യത്നങ്ങള്‍ ഇപ്പോഴേ തുടങ്ങണമെന്നും ‘പ്രതിസന്ധിയിലാകുന്ന പ്രവാസം’ എന്ന വിഷയത്തില്‍ ദമ്മാം ബദര്‍ അല്‍ റാബി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ഓര്‍മ്മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി വനിതാ വേദി സെക്രട്ടറി ഡോ.ഫൗഷാ ഫൈസല്‍ വിഷയം അവതരിപ്പിച്ചു. കാലങ്ങളായി പ്രവാസം ഒരു യാഥാര്‍ത്ഥ്യമാണെന്നും, പ്രവാസികളുടെ സ്വാധീനം സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും ‘പ്രതിസന്ധിയിലാകുന്ന പ്രവാസം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ.ഫൗഷാ ചൂണ്ടിക്കാട്ടി. തൊണ്ണൂറുകളില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യത്തിന് തെല്ല് ആശ്വാസമായത് പ്രവാസികള്‍ ഇന്ത്യയിലേക്കൊഴുക്കിയ വിദേശനാണ്യമായിരുന്നു. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവാസികളുടെ സമ്പത്തിന്‍റെ സ്വാധീനം എടുത്ത് പറയുന്ന കാലാകാലങ്ങളിലെ സര്‍ക്കാരുകളും സമൂഹവും പ്രവാസികളോട് പുലര്‍ത്തിപ്പോരുന്ന ചൂഷണ മനോഭാവത്തെ തുറന്നു കാണിച്ച വിഷയാവതാരക ഇപ്പോള്‍ സൗദി അറേബ്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക പരിഷ്‌ക്കാരങ്ങളും അതിന്‍റെ പ്രതിഭലനത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം നല്‍കിയ മഹാത്മാ ഗാന്ധിയും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും തങ്ങളുടെ പ്രവാസ ജീവിതത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത നേതൃപാഠവം വിഷയാവതാരണത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടത്
ശ്രദ്ധേയമായി.tt53

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധിയെ നേരിടാന്‍ കേരളത്തിലെ തൊഴില്‍ മേഖലയിലും ഉല്‍പാദന മേഖലയിലും ചെറുകിട സംരംഭങ്ങളിലും സേവന മേഖലകളിലും സാധ്യതകള്‍ ഒരുക്കിക്കൊണ്ട് ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കും അതുപോലെ മുതല്‍ മുടക്കാന്‍ തയ്യാറായി വരുന്ന അറബ് ലോകത്തുള്ള വ്യവസായ സംരംഭകര്‍ക്കും അനുകൂലമായ നിക്ഷേപ സാഹചര്യങ്ങള്‍ ഒരുക്കാനുള്ള ഒരു കരട് മാര്‍ഗ്ഗ രേഖ ടേബിള്‍ ടോക്ക് മുന്നോട്ട് വച്ചു. പ്രഥമമായി രണ്ടു കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യുന്നത് അഭികാമ്യമായിരിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു.

1) പ്രവാസി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വ്യവസായ തൊഴില്‍ നയം പ്രഖ്യാപിക്കുക. പ്രസ്തുത നയത്തിന്‍റെ ഭാഗമായി ജില്ലകള്‍ തോറും പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ച് വന്നിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ (ഡറ്റ ബ്ബന്ക്) രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുക. പ്രസ്തുത വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അവര്‍ക്ക് ഏത് തൊഴില്‍ മേഖലയിലാണ് പ്രാവീണ്യമുള്ളതെന്നും ഏത് രാജ്യത്ത്, എത്ര വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന വിവരം ശേഖരിക്കുക. അതോടൊപ്പം, കേരളത്തില്‍ പുനഃരധിവാസ പദ്ധതികളുടെ ഭാഗമായി മൈക്രോ ഫൈനാന്‍സിംഗ് മാതൃകയില്‍ പദ്ധതികള്‍ തുടങ്ങുമ്പോള്‍ അതില്‍ ഒരു തൊഴിലാളി എന്നതിനോടൊപ്പം പ്രസ്തുത സംരംഭത്തിന്‍റെ ഓഹരിയുടമ എന്ന നിലയില്‍ ഏതു മേഖലയിലാണ് ജോലി ചെയ്യാന്‍ താല്പര്യം എന്ന വിവരം രേഖപ്പെടുത്തണം. ഈ പ്രഥമ ഘട്ടം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ തൊഴിലുടമകളും തൊഴിലാളിയും ഒന്നാകുന്ന വിപ്ലാവാത്മകമായ ഒരു പുത്തന്‍ തൊഴില്‍ സംസ്ക്കാര പരിവര്‍ത്തനം കൊണ്ടുവരുന്ന സംവിധാനത്തിന് അടിത്തറ രൂപപ്പെടും. പിന്നീട് ജില്ലാ തലത്തില്‍ നോര്‍ക്കയുടെ കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചുകൊണ്ട് പ്രവാസി പുനഃരധിവാസ യോഗം വിളിച്ചുചേര്‍ത്ത് നയപ്രഖ്യാപനം നടത്തുന്നതോടൊപ്പം എന്തൊക്കെ സൗകര്യങ്ങളാണ് ഇവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് വിശദീകരിച്ചുകൊടുക്കണം.

2) സ്വദേശി വിദേശി സംരംഭകര്‍ക്കായി വ്യവസായ നയം പ്രഖ്യാപിക്കുക. അറബ് ഗള്‍ഫ് നാടുകളിലെ പല അറബ് നിക്ഷേപകരും കേരളത്തില്‍ ബിസിനസ്സ് രംഗത്ത് മുതല്‍ മുടക്കുവാന്‍ തയ്യാറാണ്. അതിനായി, അവര്‍ക്ക് ലഭിക്കാവുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഏകജാലക സംവിധാനം വ്യക്തമാക്കിയിട്ടുള്ള നിക്ഷേപ മേഖലകള്‍ തരം തിരിച്ചുകൊണ്ടുള്ള നയവും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വ്യക്തമാക്കുന്ന നയരേഖ പ്രസിദ്ധപ്പെടുത്തണം. ഈ സംരംഭങ്ങളില്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് തൊഴില്‍ രംഗത്ത് 60 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തണമെന്നും ‘പ്രതിസന്ധിയിലാകുന്ന പ്രവാസം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് മുന്നോട്ട് വച്ചു.tt51

പെരുപ്പിച്ച വാര്‍ത്തകള്‍ക്ക് പകരം പ്രവാസികള്‍ക്ക് ഊര്‍ജ്ജവും, ആത്മവിശ്വാസവും പകരുന്ന വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ ഉണര്‍ത്തുകയുണ്ടായി. ഇക്കഴിഞ്ഞ പ്രവാസി ഭാരതീയ ദിവസില്‍ ആകെയുള്ള ഇന്ത്യന്‍ പ്രവാസികളിലെ 88 ശതമാനത്തെ ഉള്‍ക്കൊള്ളുന്ന ഗള്‍ഫ് മേഖലയും ഇവിടത്തെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ‘ഗള്‍ഫ് സെഷന്‍’ പാടെ ഉപേക്ഷിച്ചതും, എല്ലാ വിഷയത്തിലും വാചകക്കസര്‍ത്ത് നടത്തുന്ന പ്രധാനമന്ത്രി ഗള്‍ഫ് മേഖലയെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും പ്രവാസികളെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്‍റെ വിവേചനപരമായ ഈ അവഗണനയെ ഒ ഐ സി സി ടേബിള്‍ ടോക്ക് ശക്തമായി അപലപിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ സാമുഹിക സാംസ്ക്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയമായ ടേബിള്‍ ടോക്കില്‍ ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. മീഡിയാ വണ്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ മുഹമ്മദ് ഷെരീഫ് മോഡറേറ്ററായിരുന്നു. ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുല്‍ ഹമീദ് തുടങ്ങിവച്ച ചര്‍ച്ചക്ക് ഗ്ലോബല്‍ കമ്മിറ്റി വക്താവ് മന്‍സൂര്‍ പള്ളൂര്‍ സമാപനം കുറിച്ചു. മാത്യു ജോസഫ്, ചന്ദ്രമോഹന്‍, ശിഹാബ് കായംകുളം, അരുണ്‍ നൂറനാട്, പി.ടി.അലവി, അലി കളത്തിങ്കല്‍, റിയാസ് ഇസ്മായില്‍, റഫീഖ് കൂട്ടിലങ്ങാടി, മുഹമ്മദ് നമീര്‍, മമ്മൂട്ടി പട്ടാമ്പി, നിസാര്‍ മാന്നാര്‍, ഹമീദ് ചാലില്‍, അഡ്വ.നൈസാം നഗരൂര്‍, നാസര്‍ കൊയിലാണ്ടി, ഷാജി മോഹന്‍, പ്രസാദ് ഇടുക്കി, അബ്ബാസ് തറയില്‍, അന്‍സാര്‍ ആദിക്കാട്, നസീര്‍ തുണ്ടില്‍, സഫിയാ അബ്ബാസ്, അബ്ദുല്‍ റഹുമാന്‍ ആദിക്കാട്, സക്കീര്‍ പറമ്പില്‍, സന്തോഷ് തിരുവനന്തപുരം, തോമസ് തൈപ്പറമ്പില്‍, ഹമീദ് കണിച്ചാട്ടില്‍, ഫൈസല്‍ പാലക്കാട്, കൃഷ്ണദാസ്, നൗഫല്‍ പാലക്കാട്, ശശികുമാര്‍ നിലമ്പൂര്‍, ശിവദാസ് പാലക്കാട്, ജമാല്‍ സി മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഇ.കെ.സലിം സ്വാഗതവും സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Top