പ്രവാസലോകത്തെ തകർന്ന പ്രതീക്ഷകളുമായി ഷബ്രിൻ നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ

ദമ്മാം: പ്രതീക്ഷകൾക്ക് വിരുദ്ധമായി പ്രവാസജീവിതം നരകമായപ്പോൾ വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ബാംഗ്ലൂർ സ്വദേശിനിയായ ഷബ്രിൻ ഏഴു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു സൗദിഭവനത്തിൽ വീട്ടുജോലിയ്ക്ക് എത്തിയത്. നല്ല ജോലിസാഹചര്യങ്ങളും, കൃത്യമായ ശമ്പളവും വാഗ്ദാനം ചെയ്താണ് ട്രാവൽ ഏജന്റ്, നല്ലൊരു തുക സർവ്വീസ് ചാർജ്ജ് വാങ്ങി, ഷബ്രിന് വിസ നൽകിയത്. തന്റെ ദരിദ്രകുടുംബത്തിന്റെ സാമ്പത്തികഅവസ്ഥയിൽ മാറ്റമുണ്ടാക്കാം എന്ന പ്രതീക്ഷയോടെയാണ് ഷബ്രിൻ ജോലിയ്ക്കായി പ്രവാസലോകത്തെത്തിയത്.

എന്നാൽ ജോലിസ്ഥലത്ത് പ്രതീക്ഷകൾക്ക് വിരുദ്ധമായി കയ്‌പേറിയ അനുഭവങ്ങളാണ് ഷബ്രിന് നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകൽ അതികഠിനമായ ജോലി ചെയ്യേണ്ടി വന്നു. കുറ്റപ്പെടുത്തലുകളും ശകാരവും വഴിയുള്ള മാനസികപീഡനം വേറെ. മൂന്ന് മാസം കഴിഞ്ഞിട്ടും ശമ്പളം ഒന്നും കൊടുത്തില്ല. ശമ്പളം ചോദിച്ചപ്പോൾ, ആ വീട്ടുകാർ ദേഹോപദ്രവം ഏൽപ്പിയ്ക്കാൻ തുടങ്ങിയതായി ഷബ്രിൻ പറയുന്നു. തുടർന്ന് സഹിയ്ക്ക വയ്യാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന ഷബ്രിൻ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഷബ്രിൻ തന്റെ അവസ്ഥ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. കുടിശ്ശിക ശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല, എങ്ങനെയും നാട്ടിലേയ്ക്ക് തിരികെപോയാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഷബ്രിൻ അപ്പോൾ. മഞ്ജു ഈ വിവരമെല്ലാം ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്തു.

മഞ്ജു, നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവരോടൊപ്പം ഷബ്രിന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. തനിയ്ക്ക് നഷ്ടപരിഹാരം നൽകിയാലേ ഷബ്രിന് എക്‌സിറ്റ് നൽകുള്ളൂ എന്ന നിലപാടിലായിരുന്നു ആദ്യം സ്‌പോൺസർ. ഇതുമൂലം ഷബ്രിന്റെ അഭയകേന്ദ്രത്തിലെ താമസം മൂന്നു മാസത്തോളം നീണ്ടു. എന്നാൽ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ നിരന്തരസമ്മർദ്ദത്തെത്തുടർന്ന് നഷ്ടപരിഹാരം വാങ്ങാതെ ഫൈനൽ എക്‌സിറ്റ് തരാമെന്ന് സ്‌പോൺസർ സമ്മതിച്ചു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ ഷബ്രിന്റെ നാട്ടിലെ ട്രാവൽ ഏജന്റിനെ ബന്ധപ്പെട്ട് നടത്തിയ ചർച്ചകളെത്തുടർന്ന്, ഏജന്റ് വിമാനടിക്കറ്റ് നൽകാമെന്ന് സമ്മതിച്ചു.

നിയമനടപടികൾ പൂർത്തിയാക്കിയപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ്, തകർന്ന പ്രതീക്ഷകളുമായി, വെറും കൈയോടെ ഷബ്രിൻ നാട്ടിലേയ്ക്ക് മടങ്ങി

Latest
Widgets Magazine