കൾച്ചറൽ ഫോറം ഇടപെടൽ സഹായകമായി. വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാൽ നഷ്ടപരിഹാരം

സ്വന്തം ലേഖകൻ
ദോഹ: വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാൽ ( ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം. കണ്ണൂർ ജില്ലയിലെ പാനൂർ വിളക്കോട്ടൂർ സ്വദേശി ഒറ്റപ്പിലാവുളളത്തിൽ അബ്ദുല്ലക്കാണ് ഖത്തർ സുപ്രീം കോടതി ആറ് ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചത്. ദുഹൈലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അബ്ദുല്ലയെ 2014 മെയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സൂപ്പർമാർക്കറ്റിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്ദുല്ല. അപകടത്തിൽ മാരകമായി പരിക്കേറ്റ അബ്ദുല്ലക്ക് ബോധം നഷ്ടപ്പെടുകയും രണ്ട് വർഷത്തോളം ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും ചെയ്തു. അപകടം നടന്ന ഉടൻ അബ്ദുല്ലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തലയിലേറ്റ മാരക പരിക്ക് കാരണം പിന്നീട് ബോധം തിരിച്ച് കിട്ടിയില്ല.
ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കിഴിയുകയായിരുന്ന അബ്ദുല്ലയുടെ പ്രശ്‌നത്തിൽ കൾച്ചറൽ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടെപടലാണ് കേസ് നടപടികൾ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും സഹായകമായത്. ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരന് യഥാസമയം കോടതിയിൽ ഹാജരാകാനോ ആവശ്യമായ രേഖകൾ സമർപ്പിക്കാനോ സാധിച്ചിരുന്നില്ല. പിന്നീട് നാട്ടിൽ നിന്നും വന്ന ബന്ധു കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിന്റെ സഹായത്തോടെ കേസിന് ആവശ്യമായ രേഖകൾ ശരിയാക്കുകയും കോടതിയിൽ കേസ് സജീവമായി മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തു. ഏകദേശം ഒരു വർഷത്തെ കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് ആറ് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഇൻഷൂറൻസ് കമ്പനിയോട് ആവശ്യപ്പെട്ടത്. കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി, കണ്ണൂർ ജില്ല കമ്മറ്റി അംഗം അലി മാഹി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് നടത്തിപ്പിനാവശ്യമായ സഹായങ്ങൾ ചെയ്തത്.
രണ്ട് വർഷത്തോളം ഹമദ് ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മുപ്പത്കാരനായ അബ്ദുല്ലയെ കഴിഞ്ഞ വർഷം മാർച്ചിൽ ഹമദ് ആശുപത്രി അധികൃതരുടെയും കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദഗ്ദ്ധ ചികിൽസക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിൽസയിലാണ് അബ്ദുല്ല. അബ്ദുല്ലയുടെ പിതാവ് മാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത് . ചികിൽസക്കും മറ്റുമായി പ്രയാസം നേരിടുന്ന ഘട്ടത്തിൽ ലഭിച്ച ഈ നഷ്ടപരിഹാരം വലിയ ആശ്വാസമാണെന്ന് അബ്ദുല്ലയുടെ ഖത്തറിലുളള സഹോദരൻ അബ്ദുറഹ്മാൻ പറഞ്ഞു. ഇതിൽ സഹായിച്ച ഹമദ് ആശുപത്രി അധികൃതരോടും കൾച്ചറൽ ഫോറത്തോടുമുളള കടപ്പാട് വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു. പല അപകട കേസുകളിലും കൃത്യമായ ഇടപെടലുകൾ ഇല്ലാത്തതാണ് ന്യായമായും ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കാതെ പോകുന്നതിന്റെ പ്രധാന കാരണമെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി, കണ്ണൂർ ജില്ല കമ്മറ്റി അംഗം അലി മാഹി എന്നിവർ പറഞ്ഞു. കൃത്യമായ രേഖകൾ ആവശ്യമായ ഘട്ടങ്ങളിൽ സമർപ്പിച്ചാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നും അവർ വ്യക്തമാക്കി.
Top