വിമത ശല്യം നേരിടാൻ ഷാഡോ കാബിനറ്റ് പുനസംഘടിപ്പിച്ച് കോർബിൻ

സ്വന്തം ലേഖകൻ
ലണ്ടൻ : തനിക്കെതിരെ വിമത ശബ്ദം ഉയർത്തിയവരെ ഒതുക്കാൻ കോർബിൻ വീണ്ടും ഷാഡോ കാബിനറ്റ് പുനഃസംഘടിപ്പിച്ചു. 18 മാസത്തിനിടെ ഇത് മൂന്നാംതവണയാണ് കോർബിൻ തന്റെ ഷാഡോ കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ബില്ലിന് അനുകൂലമായി വോട്ടു ചയ്യാൻ നൽകിയ വിപ്പ് ലംഘിച്ച് വിമതർ ഉയർത്തിയ വെല്ലുവിളി നേരിടാൻ പുതുമുഖങ്ങൾക്ക് അവസരം നൽകുകയായിരുന്നു. രാജിവച്ചൊഴിഞ്ഞവരെ മടക്കിക്കൊണ്ടുവരാൻ ശ്രമിക്കാതെയാണ് ഈ തന്ത്രം.
റെബേക്ക ലോങ് ബെയിലിയെ ഷാഡോ ബിസിനസ് സെക്രട്ടറിയായും സൂ ഹെയ്മനെ പരിസ്ഥിതിഗ്രാമവികസനം, ഭക്ഷ്യം എന്നിവയുടെയും സെക്രട്ടറിമാരായി നിയമിച്ചു. ക്രിസ്റ്റീന റീസ് ആണ് പുതിയ വെൽഷ് ഷാഡോ സെക്രട്ടറി. ട്രഷറിയുടെ പുതിയ ഷാഡോ ചീഫ് സെക്രട്ടറിയായി പീറ്റർ ഡൗഡും നിയമിതനായി. മറ്റുള്ള ഷാഡോ സെക്രട്ടറിമാർക്ക് മാറ്റമില്ല. പുതുതായി സ്ഥാനക്കയറ്റം ലഭിച്ച നാലുപേരും 2015ൽ ആദ്യമായി പാർലമെന്റംഗങ്ങളായവരാണ്.
പുനഃസംഘടനയോടെ ഷാഡോ കാബിനറ്റിലെ 14 പേരും വനിതകളായി. ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിൽ ആദ്യമാണ് വനിതകൾക്ക് ഇത്രയേറെ പ്രാതിനിധ്യമുള്ള ഷാഡോ കാബിനറ്റ്. കാബിനറ്റിൽ ഇപ്പോൾ ഒഴിവുള്ള ഏതാനും സ്ഥാനങ്ങളും വരുദിവസങ്ങളിൽ നികത്തുമെന്നാണ് സൂചന.
ബ്രെക്‌സിറ്റ് ഹിതപരിശോധനയെത്തുടർന്ന് കോർബിൻ നേതൃസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടു 32 ഷാഡോ കാബിനറ്റ് അംഗങ്ങൾ രാജിവച്ചിരുന്നു. എന്നാൽ പാർട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ വിമത നീക്കത്തെ നേരിട്ട് ശക്തമായി തിരിച്ചുവന്ന കോർബിൻ പിന്നീടുണ്ടാക്കിയ കാബിനറ്റിൽനിന്നും നാലുപേരാണ് ബ്രെക്‌സിറ്റ് ബില്ലിനെ അനുകൂലിക്കാനുള്ള നീക്കത്തിന്റ പേരിൽ സ്ഥാനമൊഴിഞ്ഞത്. ഈ ഒഴിവുകളാണ് നികത്തിയത്.
ഇടതുപക്ഷ ചിന്താഗതിക്കാരനായ കോർബിൻ കേരളത്തിലെ വി എസ് അച്യുതാനന്ദനെപ്പോലെ പാർട്ടിയിലെ നേതാക്കൾക്ക് അനഭിമതനും അണികൾക്ക് ഏറെ പ്രിയങ്കരനുമായ നേതാവാണ്.
Latest