മെയ് ദിനത്തെ അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി ക്രാന്തി. സീതാറാം യെച്ചൂരി മുഖ്യാതിഥിയായി

ഡബ്ലിൻ :മനുഷ്യവിമോചനത്തിന്റെ മഹാപ്രവാചകനായ കാറൽ മാർക്സിന്റെ ഇരുന്നൂറാം ജന്മദിനത്തലേന്നു സ: സീതാറാം യച്ചൂരിയുടെയും അയർലണ്ടിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തിൽ ക്രാന്തിയുടെ മെയ്ദിനാഘോഷച്ചടങ്ങു നടന്നു. ഡബ്ലിൻ സ്റ്റിൽഓർഗനിലെ ടാൽബോട്ട് ഹോട്ടലിൽ മെയ് നാല് വൈകുന്നേരം 6.30നാണ് ക്രാന്തിയുടെ പ്രൗഢഗംഭീരമായ മെയ് ദിനാഘോഷം നടന്നത്. ബിജു ജോർജിന്റെയും പ്രിൻസ് ജോസഫിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ശിങ്കാരിമേളം ചടങ്ങിന്റെ തുടക്കത്തിൽ കാണികൾക്കു വിരുന്നേകി. യോഗത്തെ അഭിസംബോധനചെയ്ത ഡബ്ലിൻ സിറ്റി കൗൺസിലറും വർക്കേഴ്സ് പാർട്ടിയുടെ നേതാവുമായ ഐലീഷ് റയാനും സോളിഡാരിറ്റി നേതാവും ഫിങ്കൽ കൗണ്ടി കൗണ്സിലറും ആയ മാറ്റ് വൈയിനും തങ്ങളുടെ പാർട്ടി ഭവന മേഖലയിലും അബോർഷൻ വിഷയത്തിലുമൊക്കെ നടത്തിവരുന്ന പോരാട്ടങ്ങളെക്കുറിച്ചും ആ പോരാട്ടങ്ങളിൽ ക്രാന്തി നൽകിവരുന്ന സഹകരണത്തെക്കുറിച്ചും എടുത്തു പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി അയർലണ്ടിന്റെ ജനറൽ സെക്രട്ടറി ആയ യൂജിൻ മക്കാർട്ടൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെയും അയർലണ്ടിലെയും നേതാക്കളും പാർട്ടികളും നടത്തിയ പരസ്പര സഹകരണത്തിന്റെ ഉദാഹരങ്ങൾ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. “വംശീയതയിൽ ഊന്നിയ ദേശീയത ആഗോളതലത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിൽ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ സി പി എം ജനറൽ സെക്രട്ടറി സ: സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോളമൂലധനവും നവഉദാരവൽക്കരണവും ചൂഷണത്തിലൂടെ ലാഭം വർദ്ദിപ്പിക്കുകയും അതുവഴി അത് കൂടുതൽ അസമത്വത്തിലെക്കു നയിക്കുകയും അത് ഒരു ആന്തരികമായ പ്രതിസന്ധിയിലെത്തുകയും ചെയ്യുന്നു. അതിനെ മറികടക്കാൻ സൃഷ്ടിക്കപ്പെടുന്ന ആഗോളതലത്തിലുള്ള ഒരു രാഷ്ട്രീയ വലതുവൽക്കരണത്തിന്റെ ഭാഗമാണ് ഇന്ന് കാണുന്ന വംശീയതയിലൂന്നിയ ദേശീയത എന്ന് യെച്ചൂരി നിരീക്ഷിച്ചു. യോഗത്തിൽ ഫിയോണ മാർട്ടിനും ഐഡൻ മർഫിയും തങ്ങളുടെ കാവ്യ-സംഗീത വിരുന്നിലൂടെ കാണികളെ കേരളത്തിൽ നിന്നും കാശ്മീരിലൂടെ അയര്ലണ്ടിലെത്തിക്കുന്ന ഒരു കാവ്യാനുഭവം സമ്മാനിച്ചു.ഫ്രാങ്ക് അലനും സഹനടന്മാരും അവതരിപ്പിച്ച മെയ് മാസത്തിലെ പന്ത്രണ്ടു ദിവസങ്ങൾ എന്ന നാടകം അയർലണ്ടിലെ എക്കാലത്തെയും വലിയ വിപ്ലവ നക്ഷത്രമായ ജെയിംസ് കോണോളിയുടെ രക്തസാക്ഷിത്വത്തിന്റെ ഭാവതീവ്രമായ അനുഭവം സമ്മാനിച്ചു. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിനുവേണ്ടി സെക്രട്ടറി ഷാജു ജോസ് സ: സീതാറാം യെച്ചൂരിക്ക് പൂച്ചെണ്ട് നൽകി. മെയ് ദിനാഘോഷത്തിൽ അയർലണ്ടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ ആളുകൾ പങ്കെടുത്തു. യോഗത്തിൽ ക്രാന്തിയുടെ പ്രസിഡന്റ് വർഗീസ് ജോയ് സ്വാഗതവും അശ്വതി പ്ലാക്കൽ നന്ദിയും അർപ്പിച്ചു. ലോകമെമ്പാടുമുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു യോഗം ഒൻപതു മണിയോടുകൂടി സമാപിച്ചു.

Top