സാമൂഹ്യപ്രവർത്തകരും,അധികൃതരും സഹായിച്ചു; വനിതഅഭയകേന്ദ്രത്തിൽ നിന്നും രണ്ട് ഇന്ത്യക്കാരികൾ നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ
ദമ്മാം: തൊഴിൽത്തർക്കങ്ങളുമായി ബന്ധപ്പെട്ട് ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരായ രണ്ടു വീട്ടുജോലിക്കാരികൾ, നവയുഗം സാംസ്‌കാരികവേദിയുടെയും, സൗദി അധികൃതരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഹൈദരാബാദ് സ്വദേശിനികളായ താജ്, മുംതാസ്സ് എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
മുംതാസ് അഞ്ചു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിൽ ഒരു സൗദിയുടെ വീട്ടിൽ ജോലിയ്‌ക്കെത്തിയത്. ആദ്യമൂന്ന് മാസം ശമ്പളം കൃത്യമായി കിട്ടിയെങ്കിലും, പ്രയാസമേറിയ  ജോലിയും, അതുമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും കാരണം നാലുമാസങ്ങൾക്കുശേഷം അവർ ആ വീട് ഉപേക്ഷിച്ച്, സൗദി പോലീസിന്റെ സഹായത്തോടെ, വനിതാ അഭയകേന്ദ്രത്തിൽ എത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ മുംതാസിനോട് സംസാരിച്ച്  കാര്യങ്ങൾ മനസ്സിലാക്കുകയും, ഇന്ത്യൻ എംബസ്സിയിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും മുംതാസിന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, മുംതാസിന് ഫൈനൽ എക്‌സിറ്റ് നൽകാൻ സ്‌പോൺസർ സമ്മതിച്ചു. മുംതാസ് തന്നെയാണ് സ്വന്തം വിമാനടിക്കറ്റ് എടുത്തത്.
 താജ് നാല് മാസങ്ങൾക്ക് മുൻപാണ് ദമ്മാമിൽ ഹൌസ്‌ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവിന്റെ സ്‌പോൺസറുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്.  ഭർത്താവിനോടൊത്ത് താമസിയ്ക്കാൻ അനുവദിയ്ക്കാം എന്ന വാഗ്ദാനമുൾപ്പെടെ പല ഉറപ്പുകളും നല്കിയിട്ടാണ് താജിനെ സ്‌പോൺസർ ജോലിയ്ക്ക് കൊണ്ടുവന്നത്. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല, രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യിയ്ക്കുകയും, ഭർത്താവിനോട് ഫോണിൽ സംസാരിയ്ക്കാൻ പോലും അനുവദിച്ചില്ല എന്നും താജ്  പറയുന്നു. ഒടുവിൽ തർക്കങ്ങൾ ഉണ്ടാകുകയും, സ്‌പോൺസർ  താജിനെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടാക്കുകയും ചെയ്തു. താജിന്റെ ഭർത്താവിന്റെ അപേക്ഷപ്രകാരം കേസിൽ ഇടപെട്ട മഞ്ജു മണിക്കുട്ടൻ, സ്‌പോൺസറുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും, ഒടുവിൽ സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് നൽകുകയും ചെയ്തു. താജിന് ഭർത്താവ് വിമാനടിക്കറ്റ് എടുത്ത് കൊടുത്തു.
നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ്, മുംതാസും,താജ്ജും നാട്ടിലേയ്ക്ക് മടങ്ങി.
ഫോട്ടോ: താജിനും, മുംതാസിനും വനിതാ അഭയകേന്ദ്രം അധികാരികൾ യാത്രരേഖകൾ കൈമാറുന്നു. മഞ്ജു മണിക്കുട്ടൻ സമീപം.
Latest
Widgets Magazine