സൗദിയിൽ ഭരണരംഗത്ത് നിരവധി മാറ്റങ്ങള്‍; 43 വിജ്ഞാപനങ്ങള്‍ പുറത്തിറക്കി

സൗദി അറേബ്യയില്‍ ഭരണരംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്തി 43 വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. ചില ഗവര്‍ണര്‍മാരെയും മന്ത്രിമാരെയും സ്ഥാനത്തു നിന്ന് നീക്കി പകരം ആളുകളെ നിയമിച്ചു.പുതുതായി ദേശ സുരക്ഷാകേന്ദ്രം രൂപവത്കരിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ നോമ്പിന് മുമ്പ് പൂര്‍ത്തിയാക്കാനും ഉത്തരവിറക്കി. ഹാഇല്‍,അല്‍ബാഹ,വടക്കന്‍ അതിര്‍ത്തി എന്നീ പ്രവിശ്യകളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. റിയാദ്,മക്ക,മദീന,കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നീ മേഖലകള്‍ക്ക് പുതിയ സഹഗവര്‍ണര്‍മാരെയും നിയമിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഹറജിനെയും സാംസ്‌കാരിക വാര്‍ത്ത വിതരണവകുപ്പ് മന്ത്രി ആദില്‍ അത്തുറൈഫിയെയും ടെലികമ്യൂണിക്കേഷന്‍ ആന്റ് ഐ ടി വകുപ്പ്മന്ത്രി മുഹമ്മദ് സുവൈലിയെയും സ്ഥാനത്ത് നിന്ന് നീക്കി. ഡോ.അവാദ് ബിന്‍ അവ്വാദാണ് പുതിയ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി. എഞ്ചി. അബ്ദുല്ല അസ്സവാഹിനാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പിെന്റ ചുമതല. മകെന്റ നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ഖാലിദ് അല്‍ ഹറജിനെ നീക്കിയത്. ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ ഊര്‍ജ സഹമന്ത്രിയായും അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ വാഷിങ്ടണിലെ സൗദി അംബാസഡറായും നിയമിച്ചു.

റോയല്‍ കോര്‍ട്ടിന് കീഴില്‍ രാജ്യ സുരക്ഷാ കേന്ദ്രം രൂപവത്കരിക്കുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിന്‍ സാലിഹ് അല്‍ ഗുഫൈലിനെ നിയമിച്ചു. ആദ്യമായാണ് സൗദി സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. ചെലവ് ചുരുക്കലിെന്റ ഭാഗമായി നിര്‍ത്തിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്ക് രണ്ടു മാസത്തെ അധിക വേതനം ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഷിക പരീക്ഷകളും റമദാന് മുന്‍പ് പൂര്‍ത്തിയാക്കാനും റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഉത്തരവായി. ഇതനുസരിച്ച് സൗദി സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നോമ്പിന്ന് മുമ്പ് വാര്‍ഷിക അവധിക്ക് അടക്കും.

Latest