സി പി എമ്മിൻറെ രാഷ്ട്രീയഫാസിസം അവസാനിപ്പിക്കുക: ദമ്മാം ഒ ഐ സി സി

ദമ്മാം: എ കെ ജി യുടെ ആത്മകഥയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലൂടെ വി ടി ബൽറാം എം എൽ എ നടത്തിയ പരാമർശത്തെതുടർന്ന് എം എൽ എ യുടെ ഓഫീസിന് നേരെ നടന്ന അക്രമവും, കഴിഞ്ഞദിവസം കൂറ്റനാട്ടിൽ ബൽറാം പങ്കെടുത്ത പരിപാടിക്ക് നേരെ നടത്തിയ അക്രമവും സി പി എമ്മിൻറെ രാഷ്ട്രീയ ഫാസിസത്തിൻറെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്ന് ദമ്മാം ഒ ഐ സി സി കുറ്റപ്പെടുത്തി. ബൽറാം നടത്തിയ പരാമർശത്തെ കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ലെന്ന് കെ പി സി സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമുൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ട നേതാക്കൾ വ്യക്തമാക്കിയതിന് ശേഷവും ബൽറാമിനെതിരെ സി പി എം പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് പ്രതിഷേധാർഹമാണ്.

എ കെ ജി യുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ മാത്രമേ ബൽറാം പറഞ്ഞിട്ടുള്ളൂ. ആത്മകഥയിൽ ഇല്ലാത്തത് പറയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും എ കെ ഗോപാലൻ സി പി എമ്മിൻറെ സമുന്നതനായ നേതാവെന്ന നിലയിലാണ് ബൽറാമിൻറെ അഭിപ്രായ പ്രകടനത്തെ മുതിർന്ന നേതാക്കൾ പ്രോത്സാഹിപ്പിക്കാതിരുന്നത്. എന്നാൽ, പാർട്ടിയുടെ ആ നിലപാട് സി പി എമ്മിന് ബൽറാമിനെ വേട്ടയാടാനുള്ള സർട്ടിഫിക്കറ്റല്ല. ലോകജനത ആദരവോടെ കാണുന്ന മഹാത്മജിക്കെതിരെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഡോ.മൻമോഹൻ സിംഗ് എന്നിവർക്കെതിരെയും തീരെ നിലവാരമില്ലാത്തതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ നടത്തിയിട്ടും കോൺഗ്രസ് പ്രവർത്തകർ എവിടെയും അഴിഞ്ഞാടിയില്ല. കാരണം, ജനാധിപത്യ ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സി പി എമ്മിൻറെ സംസ്ഥാന സെക്രട്ടറി തന്നെ നെഹ്‌റു കുടുംബത്തിനെതിരെ മോശമായ അഭിപ്രായ പ്രകടനം നടത്തിയപ്പോഴും കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിക്കുകയായിരുന്നു. തങ്ങൾക്ക് ആരെയും എന്തും പറയാം, എന്നാൽ സി പി എമ്മിൻറെ ബിംബങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ അവരെ കയ്യൂക്കുകൊണ്ടും ഭീഷണയപ്പെടുത്തിയും ഇല്ലായ്മ ചെയ്യാമെന്ന വ്യോമോഹം ഇനി നടക്കില്ല. അതിൻറെ സൂചനയാണ് കൂറ്റനാട് സി പി എം പ്രവർത്തകർ എം എൽ എ യുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അക്രമം അഴിച്ചുവിട്ടപ്പോൾ അതിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുകാർ സി പി എം പ്രവർത്തകരെ നേരിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഖി ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി അനാവശ്യമായി ഹെലികോപ്ടർ യാത്ര നടത്തിയതിലെ ജാള്യത മറച്ചു പിടിക്കാനാനുള്ള തന്ത്രമാണോ അക്രമമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ദുരന്ത പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും രണ്ടായിരം രൂപ വീതം നൽകുമെന്ന സർക്കാർ തീരുമാനം നാളിതുവരെ പൂർണ്ണമായും നടപ്പാക്കിയിട്ടില്ല. അതേസമയം, പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ ആകാശ യാതയ്ക്ക് ഇതേ ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപയെടുക്കാൻ നീക്കം നടന്നു. ഈ വിഷയം പരക്കെ ചർച്ച വിഷയമായതിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനുമുണ്ടായ ജാള്യത മറച്ചു പിടിക്കാനാണ് നേതൃതലത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായി വി ടി ബൽറാമിനെതിരെ അക്രമം അഴിച്ചുവിടാൻ സി പി എം ശ്രമിക്കുന്നത്. വി ടി ബൽറാം എം എൽ എ ക്കെതിരെ സി പി എം നടത്തിയ അക്രമത്തെ അപലപിക്കുന്നതോടൊപ്പം വി ടി ബൽറാമിന് ദമ്മാം റീജ്യണൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ആക്റ്റിംഗ് പ്രസിഡണ്ട് ചന്ദ്രമോഹനും ജനറൽ സെക്രട്ടറി ഇ.കെ.സലിമും പറഞ്ഞു.

Top