അയർലണ്ടിൽ രാജ്യവ്യാപകമായി റെഡ് അലേര്‍ട്ട്;ബ്രിട്ടനിലും അതിശൈത്യം !വിമാനങ്ങള്‍ റദ്ദാക്കി; താപനില -10ലും താഴെ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിൻ :അയര്‍ലന്റിലും ബ്രിട്ടനിലും അതിശൈത്യം തുടരുന്നു .ജനജീവിതം താറുമാറായി . സമീപകാലത്തു അഭിമുഖീകരിക്കുന്ന ഏറ്റവും കടുപ്പമേറിയ കാലാവസ്ഥ സാഹചര്യത്തില്‍ സര്‍വ്വതും താളം തെറ്റി. ഇന്നലെ മുതൽ തുടങ്ങിയ റെഡ് വാണിങ് ഇന്നും അയർലണ്ടിൽ തുടരും .സൈബീരിയന്‍ കാറ്റിനൊപ്പം എത്തിയ അതിശൈത്യം ആണ് ബ്രിട്ടനിലും അയര്‍ലന്‍ഡിലും ജനജീവിതം ദുസഹമാക്കി തുടരുന്നത് . പകല്‍ താപനിലപോലും -3 ഡിഗ്രിയിലും താഴെയാണ്. രാത്രിയില്‍ താപനില പലയിടങ്ങളിലും -10ലും താഴെയായി. വരുന്ന രണ്ടുദിവസംകൂടി സമാനമായ സ്ഥിതി തുടരുമെന്നാ‌ണ് കാലാവസ്ഥാ പ്രവചനം. രാജ്യം മുഴുവന്‍ മഞ്ഞുപുതപ്പിനടിയിലാണ്. അയര്‍ലന്‍ഡിലും വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലുമാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായിരിക്കുന്നത്.അയർലണ്ടിൽ ഡബ്ലിനിൽ ചില ഏരിയാകളിലും സ്കോട്ട്ലന്‍ഡില്‍ ചിലയിടങ്ങളില്‍ അരമീറ്ററിലധികം കനത്തിലാണ് മഞ്ഞുറഞ്ഞു കിടക്കുന്നത് .

അയർലണ്ടിൽ ഇന്നലെ രാത്രി 11 മണിയോടെ നിലവില്‍ വന്ന കാലാവസ്ഥ മുന്നറിയിപ്പ് വെള്ളിയാഴ്ച വൈകിട്ട് 3 വരെ തുടരും. വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ അപകടകരമായ സ്ഥിതിയിലെത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കാനും സുരക്ഷാ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തുടനീളം എമ്മ കൊടുങ്കാറ്റ് ശക്തമായി ആഞ്ഞടിച്ചിരുന്നു ഇത് കനത്ത മഞ്ഞ് വീഴ്ചയ്ക്കും ശക്തമായ ശൈത്യ കാറ്റിനും ഇടയാക്കും. പകല്‍ സമയം പോലും മൈനസ് താപനിലയാണ്. ഇതിനുപുറമെയാണ് അറ്റ്ലാന്റിക്കില്‍ നിന്നുള്ള എമ്മാ കൊടുങ്കാറ്റും ആഞ്ഞടിക്കുന്നത്.

ബ്രിട്ടനിൽ രാത്രി മുഴുവന്‍ പെയ്ത മഞ്ഞ് രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവ‍ര്‍ത്തനം അവതാളത്തിലാക്കി. ഹീത്രൂവില്‍ നിന്നും നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി. പല വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. യൂറോപ്പിനുള്ളിലെ സര്‍വീസുകളാണ് തടസപ്പെട്ടവയിലേറെയും. ഗാട്ട്വിക്ക്, ലണ്ടന്‍ സിറ്റി എയര്‍പോ‍ര്‍ട്ട്, സ്റ്റാന്‍സ്റ്റഡ്, ലൂട്ടന്‍, ഗ്ലാസ്ഗോ, ന്യൂകാസില്‍, ബ‍ര്‍മിങ്ങാം, മാഞ്ചസ്റ്റര്‍, എന്നിവിടങ്ങളിലും വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതത്തെയും മഞ്ഞ് കാര്യമായി ബാധിച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും റദ്ദാക്കി. ലണ്ടന്‍ ട്യൂബ് സ‍ര്‍വീസും പല ലൈനുകളും മുടങ്ങി. ഓടിയ ലൈനുകളില്‍ പലേടത്തും സമയനിഷ്‌ടയും ഉണ്ടായില്ല. മോട്ടോര്‍വേകളെല്ലാം ഗതാഗതകുരുക്കിലാണ്. പലസ്ഥലങ്ങളിലായുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. സ്കോട്ട്ലന്‍ഡില്‍ മെറ്റ് ഓഫിസ് അധികൃതര്‍ റെഡ് വാണിങ്ങ് നല്‍കി. 2013നു ശേഷം ആദ്യമായാണ് രാജ്യത്ത് മെറ്റ് ഓഫിസ് അധികൃതര്‍ റെഡ് അല‍ര്‍ട്ട് നല്‍കുന്നത്. മറ്റ് പല സ്ഥലങ്ങളിലും യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്.RED ALERT

രാജ്യത്തൊ‌ട്ടാകെ അവധി പ്രഖ്യാപിച്ചില്ലെങ്കിലും ആയിരക്കണക്കിനു സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. തുറന്നവയില്‍ വന്നെത്തിയ കുട്ടികളും കുറവായിരുന്നു. പലയിടത്തും വൈദ്യുതി വിതരണവും താറുമാറായി. മൊബൈല്‍ കണക്ഷനും പലസ്ഥലങ്ങളിലും തടസപ്പെട്ടു.ലിങ്കണ്‍ഷെറില്‍ അടിയന്തരിര സാഹചര്യം നേരിടാന്‍ സൈന്യത്തിന്റെ സേവനം തേടി. പലസ്ഥലങ്ങളിലും ബിന്‍ കളക്ഷനും ലെറ്റര്‍ ഡെലിവറിയും സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും തണുപ്പേറിയ ആഴ്ചയാകും ഇതെന്നാണ് മുന്നറയിപ്പ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത്തരം കാലാവസ്ഥ ബ്രിട്ടനില്‍ പതിവാണെങ്കിലും മാര്‍ച്ച് അവസാനത്തെ ഈ കൊടും തണുപ്പ് നൂറ്റാണ്ടിലെ അപൂ‍വ പ്രതിഭാസമായാണ് കണക്കാക്കുന്നത്.

രാജ്യത്തെ താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച മണിക്കൂറുകള്‍ക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ഒരിക്കലും പുറത്തുപോകാന്‍ പാടില്ല, ജീവഹാനിയോ ഗുരുതരമായ അപകടങ്ങളോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ഇന്ന് 4 മണി മുതല്‍ വീടിന് പുറത്തേക്ക് പോകരുതെന്ന് ദേശീയ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് (NECG) മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവര്‍മാര്‍ക്കും കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.EMMA STORM

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ അയര്‍ലണ്ടില്‍ താണ്ഡവമാടുന്ന എമ്മ കൊടുങ്കാറ്റ് അതിന്റെ ഔന്നിത്യത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. കനത്ത മഞ്ഞു വീഴ്ചയും ശക്തമായ കാറ്റും ഇതിനെ തുടര്‍ന്ന് ഉണ്ടാകും, വെള്ളിയാഴ്ച രാത്രി വരെ ഈ അവസ്ഥ തുടരും. എല്ലാ സ്‌കൂളുകള്‍ക്കും തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. മിഡ്‌ലാന്റ് റീജിയണല്‍ തുള്ളമോര്‍, പോര്‍ട്ട് ലാവോസ് നാസ്, താല സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, സെന്റ് ലൂക്ക്‌സ് റേഡിയേഷന്‍ ഓങ്കോളജി നെറ്റ്വര്‍ക്ക് & കോംബെ തുടങ്ങിയ ഇടങ്ങളില്‍ ശസ്ത്രക്രിയകളും ഔട്ട് പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും റദ്ദ് ചെയ്തിട്ടുണ്ട്. കൂടാതെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇന്നും നാളെയുമുള്ള 700 അപ്പോയിന്‍മെന്റുകള്‍ റദ്ദാക്കി. ആശുപത്രി, ജിപി, ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ HSE നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നും നാളെയും റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ള കൗണ്ടികളില്‍ കോടതികളും അടഞ്ഞ് കിടക്കും.

ബസ് ഐറാന്‍, ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ ശനിയാഴ്ച വരെ സര്‍വീസുകള്‍ നടത്തില്ല.  ഡബ്ലിനിലേക്കുള്ള ലുവാസ് സര്‍വീസുകളും അവസാനിക്കും. അടുത്ത രണ്ട് ദിവസങ്ങളിലും ലിനിസ്റ്റര്‍, മന്‍സ്റ്റര്‍ എന്നിവിടങ്ങളിലേക്ക് ബസ് ഐറാന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാ ഡബ്ലിന്‍ ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട് കൂടാതെ ലുവാസ്, ഡാര്‍ട്ട് സേവനങ്ങള്‍ പരിമിതമായിരിക്കും. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഞ്ഞ് വീഴ്ച മൂലം തെക്ക് കിഴക്കന്‍ മേഖലകളില്‍ റോഡ് ഗതാഗതം താറുമാറായി. റണ്‍വേയിലും ടാക്‌സിവേയിലും മഞ്ഞ് മൂടികിടക്കുന്നതിനാല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഭാഗികമായേ പ്രവര്‍ത്തിക്കുന്നുള്ളൂ. നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് വരുന്നതിനു മുമ്പ് വിമാനസര്‍വീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോര്‍ക് എയര്‍പോര്‍ട്ടിലെ റണ്‍വേയുടെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്ക് ശേഷം പുനരാരംഭിച്ചു. രാവിലെ ശൈത്യകാറ്റ് വീശിയടിച്ചതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇവിടെയും പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടുണ്ട്. ഫ്ളൈറ്റ് സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതിനാല്‍ അനേക യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങികിടക്കുന്നുണ്ട്. ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ എല്ലാ ഫ്‌ലൈറ്റുകളും ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്ലിനില്‍ 14 വിമാനങ്ങളും ഷാനോനിലേക്ക് തിരിച്ചുവിട്ടിരുന്നു.

ലെയിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍ ഏരിയകളിലാണ് മഞ്ഞ് വീഴ്ചയും ശൈത്യകാറ്റും ഏറ്റവും ശക്തമായിരിക്കുന്നത്. അതിഭീകരമായ കാലാവസ്ഥയാണ് ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടുത്തെ സ്‌കൂളുകളും ഗവണ്മെന്റ് സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. നാഷണല്‍ ആംബുലന്‍സ് സര്‍വീസിനായി 999, 112 ബന്ധപ്പെടാമെന്നും അടിയന്തിര ആവശ്യങ്ങള്‍ നല്‍കുമെന്നും എച്ച്എസ്ഇ പറഞ്ഞു.ആര്‍ട്ടിക് പ്രദേശത്തുണ്ടായ താപനിലയില്‍ വ്യത്യാസമാണ് പോളാര്‍ വോര്‍ട്ടെക്‌സ് പ്രതിഭാസത്തിന് കാരണമെന്ന് മീറ്ററോളജിക്കല്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 1982-ന് ശേഷമുണ്ടായ കനത്ത മഞ്ഞുവീഴ്ചയും ശൈത്യവുമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് അയര്‍ലണ്ടുകാര്‍ പറയുന്നു. യൂറോപ്യന്‍ വന്‍കരയെ മുഴുവനായും കടുത്ത മഞ്ഞില്‍ പൊതിയുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അയര്‍ലണ്ടിനെ കൂടാതെ യു.കെ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മൈനസ് 45 ഡിഗ്രി വരെ ഊഷ്മാവ് താഴുന്നതില്‍ ആശങ്ക ഉയരുകയാണ്. വരും ദിവസങ്ങളിലും ഹിമാതാപം വര്‍ധിക്കുമെന്ന മുന്നറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.EMMA STORM

ബ്രിട്ടനിൽ കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം താറുമാറായി. റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. നൂറുക്കണക്കിനു ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോര്‍‍വേകളിലെല്ലാം ഗതാഗതസ്തംഭനമാണ്. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ മൂന്നു പേര്‍ മരിച്ചു. കേംബ്രിഡ്ജ്ഷെയറിലും ലിങ്കണ്‍ഷെയറിലുമായിരുന്നു അപകടത്തില്‍ മൂന്നുപേ‍ര്‍ മരിച്ചത്. കനത്ത മഞ്ഞുവീഴ്ചയില്‍ ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. മഞ്ഞുവീഴ്ച രൂക്ഷമായ പ്രദേശങ്ങളില്‍ സ്കൂളുകള്‍ അ‌ടച്ചു.
കെന്റ്, സറെ, സഫോക്സ്, സസെക്സ് എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. പത്തു സെന്റീമീറ്ററില്‍ അധികമാണ് ഇവിടങ്ങളില്‍ മഞ്ഞുമൂടികിടക്കുന്നത്. ഇന്നുരാത്രിയിലും നാളെയുമായി നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും ഏറെക്കുറെ പൂര്‍ണമായും മഞ്ഞിനടിയിലാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്കോട്ട്ലന്‍ഡില്‍ 40 സെന്റീമീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ്. -6 മുതല്‍ -12 വരെയാണ് വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയ താപനില. ഇതോടൊപ്പം കാറ്റുകൂടിയായതോടെ തണുപ്പിന്റെ തീവ്രതയേറി. 2013ലായിരുന്നു ഇതിനുമുമ്പ് ഇത്തരത്തിൽ മാർച്ചുമാസത്തിൽ കനത്ത തണുപ്പുള്ള കാലാവസ്ഥ ബ്രിട്ടനിലുണ്ടായത്. മാർച്ചുമാസത്തിൽ രേഖപ്പെടുത്തിയ 100 വഷത്തെ ഏറ്റവും വലിയ തണുപ്പായിരുന്നു അത്. ഏറെക്കുറെ സമാനമായ കാലാവസ്ഥയും തണുപ്പുമാണ് ഇക്കുറിയും മെറ്റ് ഓഫിസ് പ്രവചിച്ചിട്ടുള്ളത്.

Latest